മധ്യപ്രദേശിൽ ക്രിസ്ത്യൻ സ്‌കൂളിന് നേരെ ഭീഷണി

മധ്യപ്രദേശിലെ സത്‌നയിൽ ക്രിസ്തു ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരെ ഭീഷണി മുഴക്കി തീവ്രഹിന്ദുത്വവാദികള്‍. സ്‌കൂള്‍ വളപ്പില്‍ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നും ഇല്ലെങ്കില്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയാണ് വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്നവർ മുഴക്കിയിരിക്കുന്നത്. സ്‌കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ ചിറ്റുപറമ്പിലിനെ കണ്ട് മെമ്മോറാണ്ടത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സീറോ മലബാര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത്.

15 ദിവസത്തിനകം ഇപ്രകാരം ചെയ്തിരിക്കണമെന്നാണ് ഇവർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 49 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ ഇതിനു മുന്‍പ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ ചിറ്റുപറമ്പിൽ പറഞ്ഞു. പ്രക്ഷോഭക്കാര്‍ ഭീഷണിയുമായി വീണ്ടുമെത്തിയാല്‍ നിയമ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. സത്‌നയില്‍ ഹിന്ദുത്വവാദികളില്‍ നിന്നു ക്രൈസ്തവ വിരുദ്ധത ഉളവാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.