തപസ്സുകാലത്ത് മാതൃകയായി ‘ ഒരുപിടി ചോറ് പദ്ധതി’

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിന്റെ വെല്ലുവിളിയെ നേരിടുക, ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോമ്പാരംഭത്തോടെ അമേരിക്കയിലെ മെത്രാന്‍സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക ദുരിതാശ്വാസ സേവനസഖ്യം (CRS-Catholic Relief Services) എന്ന ദേശീയ സംഘടന ‘ഒരുപിടി ചോറ് പദ്ധതി’ക്ക് തുടക്കമിട്ടിരിക്കുന്നത്.

‘ഒരുപിടി ചോറ് പദ്ധതി’യില്‍ സഹകരിക്കുന്ന അമേരിക്കയില്‍ ആകമാനമുള്ള കത്തോലിക്കാ കുടുംബങ്ങളിലേയ്ക്ക് നോമ്പാരംഭത്തിനു മുന്നേതന്നെ ഒരോ വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടി എത്തിച്ചുകഴിഞ്ഞു. അതില്‍ ഓരോ കുടുംബവും ത്യാഗപൂര്‍വ്വം ഈ നോമ്പുകാലത്തു മാറ്റിവയ്ക്കുന്ന വസ്ത്രം, സാധനസാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍, മോശമാകാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ സി.ആര്‍.എസ്സ്. യൂണിറ്റുകള്‍ ഈസ്റ്റര്‍ മഹോത്സവത്തോടെ ശേഖരിച്ച്, അവ തരംതരിച്ച് ഏകോപിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കും.

കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് ശേഖരണത്തില്‍ താല്പര്യമില്ലാത്തവര്‍ക്ക് 40 ദിവസത്തെ നോമ്പിലെ ഓരോ ദിനത്തിലും ഒരു ഡോളര്‍ വീതം മാറ്റിവയ്ക്കാനുള്ള ബദല്‍ പരിപാടികൾ നേരിട്ടും ഓണ്‍ലൈനിലും സജ്ജമാക്കിയിട്ടുണ്ട്. വിശ്വാസം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ കത്തോലിക്ക മെത്രാന്‍സമിതി 1943-ല്‍ സ്ഥാപിച്ചതാണ് കത്തോലിക്ക ദുരിതാശ്വാസ സേവനസഖ്യം.