രക്തസാക്ഷിയായ ഫാ. യാൻ ഫ്രാൻചീഷെക് മാഹ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു

പോളണ്ടുകാരനായ യുവ രക്തസാക്ഷി ഫാ. യാൻ ഫ്രാൻചീഷെക് മാഹ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. നവംബർ 20 ശനിയാഴ്ച, പോളണ്ടിലെ കത്തോവിത്സെ അതിരൂപതയിലെ ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ വച്ചാണ് അദ്ദേഹം വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയർത്തപ്പെട്ടത്.

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. 2020 ഒക്ടോബർ 17 -ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ ചടങ്ങ് കോവിഡ് 19 മഹാമാരി ഉളവാക്കിയ പ്രതുകൂലസാഹചര്യങ്ങൾ മൂലം ഒരു വർഷത്തിലേറെ നീട്ടിവയ്ക്കുകയായിരുന്നു.

ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ക്രിസ്തുവിനായി സ്വജീവൻ ഹോമിച്ച യാൻ ഫ്രാൻചീഷെക് മാഹ, അഗാധ പ്രാർത്ഥനയുടെ മനുഷ്യനും പൗരോഹിത്യ തീക്ഷ്ണതയാൽ എരിഞ്ഞ വ്യക്തിയുമായിരുന്നു. 1914 ജനുവരി 28 -ന് പോളണ്ടിലെ ഹൊർത്സൊവ് (Chorzów) എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം, കത്തോവിത്സെ അതിരൂപതക്കു വേണ്ടി 1939 ജൂൺ 25 -ന് പൗരോഹിത്യം സ്വീകരിച്ചു.

ഇടവകയിൽ അജപാലന ശുശ്രൂഷ ആരംഭിച്ച നവ വൈദികൻ ഫ്രാൻചീഷെക് മാഹ, പോളണ്ടിൽ ജർമ്മൻ പട ആധിപത്യമുറപ്പിച്ചതോടെ പീഢനങ്ങളെ നേരിടാൻ തുടങ്ങി. താൻ പൗരോഹിത്യം സ്വീകരിച്ച വർഷം തന്നെ ഡിസംബർ മാസത്തിൽ, തിരുപ്പിറവിക്കാലത്ത് കുടുംബങ്ങളിൽ സന്ദർശനം നടത്തിയ ഫാ. മാഹ ജർമ്മൻ സൈനികരുടെ ക്രൂരതയുടെ ഫലങ്ങൾ ആ കുടുംബങ്ങളിൽ നേരിട്ടു കണ്ടു. അങ്ങനെ അദ്ദേഹം ആ കുടുംബങ്ങൾക്ക് ആത്മീയവും ഭൗതികവുമായ സഹായങ്ങൾ എത്തിക്കാനും വിവാഹാശീർവാദ കർമ്മങ്ങളും മതബോധനവും രഹസ്യമായി നടത്താനും തുടങ്ങി. എന്നാൽ സുരക്ഷാ അധികാരികളുടെ നിരീക്ഷണത്തിലായ ഫാ. മാഹ, രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകേണ്ടി വരികയും 1941 സെപ്റ്റംബർ അഞ്ചിന് അറസ്റ്റിലാകുകയും ചെയ്തു. 1942 ഫെബ്രുവരി 14 -ന് അദ്ദേഹത്തിനെതിരായ കുറ്റപത്രം സമർപ്പിക്കപ്പെടുകയും അക്കൊല്ലം ജൂലൈ 17 -ന് അദ്ദേഹത്തിന് വധശിഷ വിധിക്കുകയും ചെയ്തു.

1942 ഡിസംബർ മൂന്നിന് കത്തോവിത്സയിൽ വച്ച് ശിരച്ഛേദം ചെയ്ത് ഫാ. യാൻ ഫ്രാൻചീഷെക് മാഹയുടെ വധശിക്ഷ അധികാരികൾ നടപ്പാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.