ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയിൽ മാർപാപ്പയുടെ ഹൃദയസ്പർശിയായ പ്രാർത്ഥന

ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴിയിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ച ഹൃദയസ്പർശിയായ പ്രാർത്ഥന പുറത്തുവിട്ട് ഹോളി സീ പ്രസ് ഓഫീസ്.

കുരിശിന്റെ വഴിയിലെ വിവിധ സ്റ്റേഷനുകളിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും എഴുതാൻ ഇത്തവണ തിരഞ്ഞെടുത്ത കുടുംബങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. കുരിശിന്റെ വഴി പ്രാർത്ഥനയിൽ പാപ്പാ തയാറാക്കി ഉരുവിട്ട പ്രാർത്ഥന ചുവടെ ചേർക്കുന്നു.

‘കരുണാമയനായ പിതാവേ, അങ്ങയുടെ ഏകജാതനെ നൽകുവാൻ തക്കവിധം അങ്ങ് ഞങ്ങളെ അത്രമാത്രം സ്നേഹിച്ചു. ഈ പുത്രൻ കന്യകയിൽ നിന്ന് ഭൂജാതനായി, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് കുരിശിൽ മരിച്ച്, അടക്കപ്പെട്ട്, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. വി. മഗ്‌ദലന മറിയത്തിനു വി. പത്രോസിനും അപ്പോസ്തോലന്മാർക്കും ശിഷ്യന്മാർക്കും അവിടുന്ന് പ്രത്യക്ഷനായി. പരിശുദ്ധ കത്തോലിക്കാ സഭയിൽ അവൻ ഇന്നും ജീവിക്കുന്നു.

സുവിശേഷത്തിന്റെ വെളിച്ചം എന്നും ഞങ്ങളുടെ കുടുംബങ്ങളിൽ ജ്വലിക്കട്ടെ. അത് ഞങ്ങളുടെ സന്തോഷത്തെയും സന്താപത്തെയും പ്രതീക്ഷകളെയും പ്രകാശിപ്പിക്കട്ടെ. ഓരോ കുടുംബവും സ്നേഹം ഭരണം നടത്തുന്ന ദേവാലയമാകട്ടെ. ഞങ്ങളിലുള്ള പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി, വിശുദ്ധിയുടെ അങ്കിയണിഞ്ഞ പുതിയ മനുഷ്യനാകാൻ പരിശുദ്ധാത്മാവ് ഞങ്ങളെ സഹായിക്കട്ടെ.

പിതാവായ ദൈവമേ, തിന്മ നിറഞ്ഞ ഞങ്ങളുടെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കണമേ. അങ്ങനെ ഞങ്ങൾ സമാധാനത്തിന്റെ ദൂതന്മാരാകട്ടെ. സഹോദരനെതിരെ ഉയരുന്ന കരങ്ങൾ നിരായുധമാകട്ടെ. അങ്ങനെ വിദ്വേഷമുള്ളിടത്ത് സാഹോദര്യം വളരട്ടെ. ഞങ്ങൾ ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി തീരാത്തെ, അവിടുത്തെ ഉത്ഥാനത്തിന്റെ പങ്കാളികളായി തീരട്ടെ.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ’.

വിവർത്തനം: ഐശ്വര്യ സെബാസ്റ്റ്യന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.