രാഷ്ട്രപതിയുടെ ദേശീയ പുരസ്ക്കാരത്തിന് അര്‍ഹയായി കത്തോലിക്കാ സന്യാസിനി

2018-19 ലെ ദേശീയ സേവന പദ്ധതി (എൻ‌എസ്‌എസ്) അവാർഡിനായി സേനാപതി ജില്ലയിലെ മാരാമിലുള്ള ഡോൺ ബോസ്കോ കോളേജ് എൻ‌.എസ്‌.എസ്. യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. എൻ‌.എസ്‌.എസ്. യൂണിറ്റ് 1-ന്റെ പ്രോഗ്രാം ഓഫീസർ, സി. ശ്വേത വില്യം പർമാർ ഈ അവാർഡിന് അര്‍ഹയായി. സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് വെർച്വൽ പ്ലാറ്റ്‌ഫോമിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും സി. ശ്വേത പുരസ്‌കാരം സ്വീകരിച്ചു.

അവാര്‍ഡ്‌ ദാന ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജു ഉള്‍പ്പെടെയുള്ള പ്രമുഖരും അവാര്‍ഡ് ജേതാക്കളും പങ്കെടുത്തു. ‘നാഷ്ണല്‍ സര്‍വീസസ് സ്കീം’ അവാര്‍ഡ് സ്വീകരിച്ച 42 പേരിലാണ് മണിപ്പൂരില്‍ നിന്നുള്ള ഈ കത്തോലിക്കാ സന്യാസിനിയും ഉള്‍പ്പെടുന്നത്.

സി. ശ്വേത ഇപ്പോൾ മാരാമിൽ ഡോൺ ബോസ്കോ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായും എൻ‌.എസ്‌.എസ്. പ്രോഗ്രാം ഓഫീസറായും സേവനം ചെയ്യുന്നു. എൻ‌.എസ്‌.എസ്. യൂണിറ്റ്-1 ദത്തെടുത്ത ഗ്രാമമായ, റാം‌ലൂങിലെ ദരിദ്രരെ സഹായിക്കുന്നതിന് സിസ്റ്ററിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

സജീവ എൻ‌.എസ്‌.എസ്. പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ സി. ശ്വേത നിരവധി സാക്ഷരതാ പരിപാടികൾ നടത്തുകയും റാം‌ലൂങിലെ ഗ്രാമങ്ങളില്‍ 19,900 വൃക്ഷത്തൈകൾ നടുകയും ചെയ്തു. ഒരു രജിസ്റ്റേര്‍ഡ് അവയവ ദാതാവായ സിസ്റ്റര്‍, 8 പ്രാവശ്യമാണ് തന്റെ രക്തം ദാനം ചെയ്തത്. അതുകൂടാതെ, ശുചിത്വ ബോധവത്ക്കരണം, ആരോഗ്യ-രോഗപ്രതിരോധ പരിപാടികൾ, എച്ച്.ഐ.വി. / എയ്ഡ്സ് ബോധവൽക്കരണ പ്രവർത്തനങ്ങൾ, സാമൂഹിക അവബോധന റാലികൾ, മുതിർന്നവരുടെ സാക്ഷരതാ പരിപാടികൾ, മലേറിയ നിർമ്മാർജന പരിപാടികൾ എന്നിവയിലൂടെ ഗ്രാമങ്ങളിലെ ആളുകളില്‍ അവബോധം വളര്‍ത്തുവാനും ഈ സന്യാസിനിക്ക് കഴിഞ്ഞു.

പൊതു ടോയ്‌ലറ്റുകൾ, വെയിറ്റിംഗ് ഷെഡുകൾ, ഡ്രെയിനേജുകൾ, കമ്പോസ്റ്റ് കുഴികൾ, ജലസംഭരണികള്‍ എന്നിവ നിർമ്മിച്ച് വില്ലേജിലെ ജനങ്ങള്‍ക്ക് ഇവര്‍ സഹായമായി. മുള കൊണ്ട് നിർമ്മിച്ച ജൈവ നശീകരണ ഡസ്റ്റ്ബിന്നുകളുടെ ഉപയോഗവും ഈ സിസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയത്തില്‍ ധനസമാഹരണം നടത്തി സഹായമാകുവാനും ഈ സന്യസിനിക്കായി. ‘നോട്ട് മി ബട്ട് യു’ എന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആപ്തവാക്യം പ്രാവര്‍ത്തികമാക്കുവാനുള്ള പരിശ്രമങ്ങളാണ് താന്‍ ചെയ്തതെന്ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സി. ശ്വേത പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.