ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു വനിതകളിൽ ഒരു സന്യാസിനിയും

ഈ വർഷം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ നൂറു വനിതകളുടെ ടൈംസ് പട്ടികയിൽ ഇടം നേടി ഒരു കന്യാസ്ത്രീയും. സി. നോർമ പിമെന്റൽ എന്ന സന്യാസിനിയാണ് ടൈംസ് പട്ടികയിൽ ഇടം നേടിയത്. യുഎസ് – മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരെ സഹായിക്കുന്ന സിസ്റ്ററിന്റെ ദൗത്യമാണ് ഈ നേട്ടത്തിന് അവരെ അർഹയാക്കിയത്.

മിഷനറി ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ, റിയോ ഗ്രാൻഡെ വാലിയിലെ കാത്തലിക് ചാരിറ്റീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഇമിഗ്രേഷൻ കസ്റ്റഡിയിൽ നിന്ന് മോചിതരായ കുടിയേറ്റക്കാർക്കായി അഭയമൊരുക്കിയ ഈ സന്യാസിനിയുടെ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. മുൻകാലങ്ങളിൽ, മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോളുകൾ (എം‌പി‌പി) അവസാനിപ്പിക്കാനും 2019-ലെ ‘മെക്സിക്കോയിൽ തുടരുക’ എന്ന നയത്തിനും അറുതി വരുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. നയം നടപ്പിലാക്കിയതിനുശേഷം പിമെന്റൽ, അവരുടെ പ്രവർത്തനങ്ങൾ അതിർത്തിയിലെ മെക്സിക്കൻ ഭാഗത്തേയ്ക്കു മാറ്റി.

നിലവിൽ മാതമോറോസിലെ ഒരു കുടിയേറ്റ ക്യാമ്പിൽ താമസിക്കുന്നവരെ സഹായിക്കുകയാണ് ഈ സന്യാസിനി. സെപ്റ്റംബർ 22-ലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിമെന്റൽ, ടൈംസ് ലിസ്റ്റിൽ തിരഞ്ഞെടുത്തതിൽ തന്റെ സന്തോഷം അറിയിച്ചത്. “നമുക്ക് ഒരു ഉത്തരവാദിത്വമുണ്ടെന്ന് നാം തിരിച്ചറിയുന്നു. നാം ദൈവജനമാണ്. നമ്മിലും മറ്റുള്ളവരിലുമുള്ള ദൈവത്തിന്റെ സാന്നിധ്യത്താൽ നയിക്കപ്പെടുന്ന ആളുകൾ. അതിനാൽത്തന്നെ വേദനിക്കുന്നവരെ കാണുമ്പോൾ നമ്മൾ അവർക്ക് സഹായമാകുവാൻ ശ്രമിക്കണം” – സിസ്റ്റർ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.