യുവജനങ്ങൾ അടിമക്കച്ചവടത്തിനെതിരെ പ്രതികരിക്കണം: ഫ്രാൻസിസ് പാപ്പാ

മനുഷ്യാന്തസ്സിനെ ഹനിക്കുന്ന അടിമത്വത്തിനും അടിമക്കച്ചവടത്തിനുമെതിരെ പോരാടാൻ യുവജനകളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. വി. ജോസഫൈൻ  ബക്കീത്തയുടെ ഓർമ്മദിവസമായ ഫെബ്രുവരി എട്ടിനു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ആഹ്വാനം ചെയ്തത്.

അടിമക്കച്ചവടം ആത്യന്തികമായി ഉന്മൂലനം ചെയ്യുന്നത് മനുഷ്യന്റെ വ്യക്തിമാന്യതയാണെന്ന് സന്ദേശത്തിൽ എടുത്തുപറഞ്ഞ പാപ്പാ, യുദ്ധങ്ങളും ഭീകരതയും കാലാവസ്ഥാ വ്യതിയാനങ്ങളും തുടങ്ങി അസ്ഥിരതകൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നന്മക്കായി കൈകോർക്കണമെന്നും യുവജനങ്ങളെ ഓർമ്മപ്പെടുത്തി. ഇതിനായി റോമിൽ വച്ച് ഐച്ഛികമായി യുവജനങ്ങൾ സ്വീകരിക്കുന്ന വെളിച്ചം ക്രിസ്തുവിൽ നിന്നും അവന്റെ സുവിശേഷത്തിൽ നിന്നും ജ്വലിക്കുന്ന പ്രകാശമായി ജീവിതത്തിൽ മാറണമെന്നും പാപ്പാ പറഞ്ഞു.

ആരെയും പിൻതട്ടിൽ നിർത്താതെ കൂടെ കൂട്ടാനും തുറന്ന കണ്ണുകളാൽ മറ്റുള്ളവരെ മനസിലാക്കാനും ശ്രദ്ധയുള്ള ഹൃദയത്തോടെ മറ്റുള്ളവരെ കണ്ടെത്താനും അടിമത്വത്തിനെതിരെ പ്രതീക്ഷകളോടെ ചുവടുകൾ വയ്ക്കാനും അങ്ങനെ പരസ്പരം കൈകൾ കോർത്ത് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

അടിമക്കച്ചവടത്തിനെതിരെ ബോധവത്ക്കരണവുമായി ഒൻപതു വർഷങ്ങൾക്കു മുമ്പാണ്, സുഡാനിൽ നിന്നുള്ള വി. ജോസഫൈൻ ബക്കീത്തയുടെ ഓർമ്മദിവസം ഫെബ്രുവരി എട്ട് ആഗോള അടിമക്കച്ചവടരഹിത പ്രാർത്ഥനാദിനമായി ആചരിക്കാൻ ആരംഭിച്ചത്. തുടർന്ന് ഓരോ വർഷവും ഈ ദിവസം മാർപാപ്പായുടെ സന്ദേശവും ജനങ്ങൾ വളരെയധികം പ്രാധാന്യത്തോടെ സ്വീകരിച്ചുവന്നു. ഈ വർഷത്തെ ആപ്തവാക്യം ‘മാന്യതക്കായി ഒരുമിച്ചു നടക്കുക’ എന്നതും അതിനായി യുവജനങ്ങളെ ഉൾപ്പെടുത്തുക എന്നതുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.