ഉഗാണ്ടയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം

ഉഗാണ്ടയിൽ 23-കാരിയായ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം. ബുഗിരി ജില്ലയിലെ വകവാക ഗ്രാമത്തിലെ നമത ഹബീബ എന്ന യുവതി സെപ്തംബർ 18-ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. അന്നു രാത്രി തന്നെ നമതയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം സെപ്തംബർ 18-ന് നമത ഹബീബ ദൈവാലയത്തിൽ പ്രാർത്ഥനയിൽ പങ്കെടുക്കുകയും ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും ചെയ്തു. 2019-ൽ ഒരു വാഹനാപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാം മതവിശ്വാസിയായ രണ്ടാനമ്മയുടെ കൂടെയായിരുന്നു നമത താമസിച്ചിരുന്നത്.

കൊല്ലപ്പെട്ട ദിവസം ഒരു സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് രണ്ടാനമ്മ അന്വേഷിച്ചു. താൻ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി നമത വെളിപ്പെടുത്തി. തുടർന്ന് ഭക്ഷണം തയ്യാറാക്കി വിളമ്പിയതിനു ശേഷം ‘അമ്മ മുറിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിപ്പെടുത്തി. മിനിറ്റുകൾക്കുള്ളിൽ, നമതക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. സുഹൃത്ത് സഹായത്തിനായി നിലവിളിച്ചെങ്കിലും അമ്മയെ അവിടെ കാണാനില്ലായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിൽ, എലിവിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് റിപ്പോർട്ട്. പ്രാദേശിക ഉദ്യോഗസ്ഥരും മറ്റ് ഗ്രാമവാസികളും ഈ കൊലപാതകത്തെ അപലപിച്ചു. കാണാതായ രണ്ടാനമ്മ സൗയയ്‌ക്കായി തിരച്ചിൽ ആരംഭിച്ചു.

നമതയുടെ മൃതദേഹം സെപ്തംബർ 24-ന് അവളുടെ പിതാവിനെ സംസ്കരിച്ച മുസുബി ഗ്രാമത്തിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.