മാർപാപ്പയുടെ സുഹൃത്തായ യുവ ഫ്രാൻസിസ്കൻ വൈദികൻ

ഒരിക്കൽ വത്തിക്കാനിൽ നടന്ന പൊതുസദസിൽ വച്ചാണ് ഫ്രാൻസിസ്കൻ വൈദികനായ ഫാ. പാദ്രെ, ഫ്രാൻസിസ് പാപ്പായെ ആദ്യം കാണുന്നത്. എന്നാൽ അപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല, ഒരു യുവ വൈദികനായ തനിക്ക് മാർപാപ്പായുമായി ഒരു സൗഹൃദം സ്ഥാപിക്കാൻ കഴിയുമെന്ന്. പല തവണ പാപ്പായെ നേരിട്ട് കാണാനും സംസാരിക്കാനും ഈ വൈദികന് അവസരം ലഭിച്ചിട്ടുണ്ട്.

പാദ്രെ റോബർട്ടോ 1983- ൽ കാൽഡറോളയിലാണ് ജനിച്ചത്. 2002- ൽ, മാർച്ചസ് പ്രവിശ്യയിലെ ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനറിൽ വൈദികാർത്ഥിയായി അദ്ദേഹം പ്രവേശിച്ചു. തുടർന്ന് 2010- ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. 2016- ൽ റോമിൽ പഠിക്കുമ്പോൾ ഫാ. പാദ്രെ റോബർട്ടോ മാർപാപ്പയുടെ പ്രതിവാര പൊതുസദസ്സിൽ പങ്കെടുക്കാൻ പോയി. അന്ന് ആദ്യമായി അദ്ദേഹം പാപ്പായെ നേരിട്ട് കണ്ടു. മാർപാപ്പ വിശ്വാസികളുടെ അടുത്തുകൂടി നടന്നുനീങ്ങുന്നത് കൗതുകത്തോടെയാണ് ഫാ. പാദ്രെ നോക്കിനിന്നത്. എന്നാൽ അപ്രതീക്ഷിതമായി പാപ്പാ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ താൽക്കാലികമായി ഒന്ന് നിർത്തി.

ആ നിമിഷത്തിൽ, തന്റെ പ്രവിശ്യയുടെ യുവജന മന്ത്രാലയത്തിന്റെ ഡയറക്ടറെന്ന നിലയിൽ തനിക്ക് ഉണ്ടായിരുന്ന ചില ആശങ്കകൾ പ്രകടിപ്പിക്കാൻ ഫാ. പാദ്രെ റോബർട്ടോയ്ക്ക് തോന്നി. അദ്ദേഹം പാപ്പായോട് ചുരുങ്ങിയ വാക്കുകളിൽ തന്റെ ആശങ്കകൾ അറിയിച്ചു. എല്ലാം കേട്ട ശേഷം പാപ്പാ ഫാ. പാദ്രെയോട് ഒരു കത്ത് എഴുതാനാണ് ആവശ്യപ്പെട്ടത്. തന്റെ ആശങ്കകളെല്ലാം വിശദമായി വിവരിക്കുന്ന ഒരു കത്ത്. എന്നാൽ മാർപാപ്പായ്ക്ക് കത്ത് എഴുതാൻ അദ്ദേഹത്തിന് മടി തോന്നി. കാരണം തന്റെ കൊച്ചു ആശങ്കകൾ പാപ്പായെ ബുദ്ധിമുട്ടിക്കരുതല്ലോ. അങ്ങനെ ഒരു വർഷം കടന്നുപോയി. അടുത്ത വർഷത്തിൽ പോളണ്ടിൽ നടന്ന ലോക യുവജന ദിനത്തിൽ മാർപാപ്പ പറഞ്ഞ ചില വാക്കുകൾ ഈ യുവ വൈദികനെ ഏറെ സ്പർശിച്ചു. അത് ഇപ്രകാരമായിരുന്നു: “നിങ്ങളുടെ സ്വപ്നങ്ങളെയും ആശകളെയും പിന്തുടരുക. അവയ്ക്കുവേണ്ടി പോരാടുക”. ഈ വാക്കുകൾ ഫാ. പാദ്രെയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ആത്മധൈര്യം നിറച്ചു. തിരികെ വന്ന അദ്ദേഹം തെല്ലും സംശയിക്കാതെ തന്നെ, മാർപാപ്പായ്ക്ക് ഒരു തുറന്ന കത്തെഴുതി. അത് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയ്ക്ക് ഇമെയിൽ സന്ദേശമായും അയച്ചു. ആ കത്തിൽ പൊതുസദസ്സിൽ വച്ച് പാപ്പായുമായി നടന്ന സംഭാഷണത്തെക്കുറിച്ചും ഫാ. പാദ്രെ പരാമർശിച്ചിരുന്നു.

പാപ്പായ്ക്ക് കത്തെഴുതിയിട്ട് ഏകദേശം ഒരു മാസം കഴിഞ്ഞു. ഒരിക്കൽ ഫാ. പാദ്രെ കാറിൽ യാത്ര ചെയ്യുമ്പോൾ, പരിചയമില്ലാത്ത നമ്പറിൽ നിന്ന് അദ്ദേഹത്തിന് ഒരു കോൾ വന്നു. യാത്രയിലായതുകൊണ്ടും പരിചയമില്ലാത്ത നമ്പറായതുകൊണ്ടും അദ്ദേഹം ആ കോൾ അവഗണിച്ചു. എന്നാൽ പിറ്റേ ദിവസവും പാദ്രെയ്ക്ക് അതേ നമ്പറിൽ നിന്ന് തന്നെ കോൾ വന്നു. എന്നാൽ ഇത്തവണ അദ്ദേഹം ആ കോൾ എടുത്തു. അത് മറ്റാരുമായിരുന്നില്ല, ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പായുടെ കോളായിരുന്നു.

ഇരുവരും അൽപനേരം തുറന്നു സംസാരിച്ചു. പാപ്പാ ഇന്നത്തെ യുവതലമുറയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഫാ. പാദ്രെയുമായി പങ്കുവച്ചു. മാത്രമല്ല, തന്നെ നേരിട്ട് കാണാൻ വത്തിക്കാനിലേക്ക് ആ യുവ വൈദികനെ പാപ്പാ ക്ഷണിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം, ഫാ. പാദ്രെ റോബർട്ടോ വത്തിക്കാനിലെത്തി. സ്വിസ് ഗാർഡുകളുടെ പരിശോധനയ്ക്കുശേഷം അദ്ദേഹം പാപ്പായെ സന്ദർശിച്ചു. പരിശുദ്ധ പിതാവ് യുവജനങ്ങളെ സംബന്ധിക്കുന്ന തന്റെ അജപാലന വീക്ഷണത്തെക്കുറിച്ച് ഫാ. പാദ്രെയോട് വിശദമായി സംസാരിച്ചു. യുവജനങ്ങളെ സംബന്ധിക്കുന്ന സിനഡ് വിളിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ചും ഫാ. പാദ്രെയോട് മാർപാപ്പ തദവസരത്തിൽ പറഞ്ഞു. അടുത്ത വർഷം അത് ഔദ്യോഗികമായി മാർപാപ്പ പ്രഖ്യാപിച്ചു.

ആ കൂടിക്കാഴ്ചയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പയും ഫാ. പാദ്രെ റോബർട്ടോയും തമ്മിൽ ഒരു ആത്മീയ സൗഹൃദം രൂപപ്പെടാൻ തുടങ്ങി. പല തവണ അവർ ഫോണിൽ സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തു. സിനഡിന് വേണ്ടിയുള്ള സംഘാടനത്തിന്റെ ഓരോ ഘട്ടത്തിലും പങ്കെടുക്കാൻ മാർപാപ്പ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹത്തെ ആ സിനഡിന്റെ തലവനായി തന്നെ മാർപാപ്പ ക്ഷണിച്ചത് ഫാ. പാദ്രെയ്ക്ക് ഇന്നും അവിശ്വസനീയം തന്നെയാണ്. ആ സിനഡിൽ പങ്കെടുക്കാൻ ബിഷപ്പുമാർ, ആർച്ചുബിഷപ്പുമാർ, കർദ്ദിനാൾമാർ തുടങ്ങി 400 അംഗങ്ങളുണ്ടായിരുന്നു. ഫാ. പാദ്രെയ്ക്ക് സിനഡിനെക്കുറിച്ച് സെമിനാരിയിൽ പഠിച്ച അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അദ്ദേഹം തെല്ല് അസ്വസ്ഥപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹത്തിന് അവിടെയിരിക്കാനുള്ള അധികാരം നൽകിയത് മാർപാപ്പ തന്നെയാണെന്ന ചിന്ത ഫാ. പാദ്രെയ്ക്ക് ആശ്വാസമേകി.

ഫ്രാൻസിസ് പാപ്പായും ഫാ. പാദ്രെയും തമ്മിൽ ഇന്നും ഒരു ആത്മീയ സൗഹൃദം നിലനിൽക്കുന്നുണ്ട്. മാർപാപ്പ അദ്ദേഹത്തെ റോബർട്ടോ അല്ലെങ്കിൽ സ്നേഹപൂർവ്വം ‘ഫ്രെയ്ൽ’ എന്നാണ് വിളിക്കുന്നത്. ‘സന്യാസി’ എന്നാണ് ഈ സ്പാനിഷ് പദത്തിന്റെ അർത്ഥം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.