2023-ലെ ലോക യുവജന ദിനത്തിന്റെ സ്വർഗീയ മദ്ധ്യസ്ഥരിൽ വി. ജോൺപോൾ രണ്ടാമനും വാഴ്ത്ത. കാർലോ അക്കുത്തിസും

2023-ലെ ലോക യുവജന ദിനത്തിന്റെ സ്വർഗീയ മദ്ധ്യസ്ഥരിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയും വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസും ഉൾപ്പെടും. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മദിനമായ മെയ് 18-ന് ലിസ്ബണിലെ പാത്രിയാർക്കീസ് ​​കർദ്ദിനാൾ മാനുവൽ ക്ലെമെന്റാണ് ഇക്കാര്യം അറിയിച്ചത്. 2023 ആഗസ്റ്റ് ഒന്നു മുതൽ ആറു വരെ തീയതികളിൽ പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിന്റെ സംരക്ഷക പരിശുദ്ധ കന്യകാമറിയം ആണെന്ന് കർദ്ദിനാൾ കൂട്ടിച്ചേർത്തു.

വി. ജോൺ ബോസ്കോ, സരഗോസയിലെ വി. വിൻസെന്റ്, പാദുവയിലെ വി. അന്തോണി, ബ്രാഗയിലെ വി. ബർത്തലോമിയോ, വി. ജോൺ ഡി ബ്രിട്ടോ, പോർച്ചുഗലിലെ വാഴ്ത്ത. ജോവാന, വാഴ്ത്ത. ജോവോ ഫെർണാണ്ടസ്, ഉണ്ണിയേശുവിന്റെ വാഴ്ത്ത. മരിയ ക്ലാര, വാഴ്ത്ത. പിയർ ജോർജിയോ ഫ്രാസാറ്റി, വാഴ്ത്ത. മാർസെൽ കാലോ, വാഴ്ത്ത. ക്യാര ബദാനോ എന്നിവരാണ് മറ്റ് സഹമദ്ധ്യസ്ഥർ.

“ഇവരെല്ലാവരും, അവർ ഈ ലോകത്ത് ജീവിച്ചിരുന്ന സമയങ്ങളിൽ ക്രിസ്തുവിന്റെ ജീവിതം സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചവരും യുവാക്കളെ ആകർഷിക്കുകയും ചെയ്തവരാണ്” – കർദ്ദിനാൾ കൂട്ടിച്ചേർത്തു. 1985-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് ലോക യുവജനദിനം സ്ഥാപിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ലക്ഷക്കണക്കിന് യുവജനങ്ങളാണ് സംബന്ധിക്കാറുള്ളത്. മാർപാപ്പയുടെ സാന്നിധ്യത്തിൽ മൂന്നു വർഷം കൂടുമ്പോൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ലോക യുവജന സമ്മേളനം നടത്തുന്നു.

ലിസ്ബണിലെ ലോക യുവജനദിനം 2022 ആഗസ്റ്റിലാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വത്തിക്കാൻ ഒരു വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.