‘ഇനിയൊരിക്കലും യുദ്ധമുണ്ടാകാതിരിക്കട്ടെ’: സമാധാനാഭ്യർത്ഥനയുമായി ലോകമതങ്ങൾ

ഒക്ടോബർ 25, ചൊവ്വാഴ്‌ച റോമിൽ നടന്ന മതനേതാക്കളുടെ പ്രാർത്ഥനാസംഗമത്തിന്റെ അവസാനം വിവിധ മതനേതാക്കൾ ചേർന്ന് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്ത് സംയുക്ത അഭ്യർത്ഥന പുറത്തിറക്കി. ‘സമാധാനത്തിന്റെ നിലവിളി – മതങ്ങളും സംസ്‌കാരങ്ങളും സംവാദത്തിൽ’ എന്ന പേരിൽ റോമിലെ കൊളോസിയത്തിൽ സാന്ത് എജീദിയോ സംഘടനയുടെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത മതനേതാക്കളാണ് സമാധാനത്തിനായുള്ള സംയുക്ത അഭ്യർത്ഥന പുറത്തിറക്കിയത്.

ഫ്രാൻസിസ് പാപ്പായുൾപ്പെടെ വിവിധ ക്രൈസ്തവ മതനേതാക്കളും മറ്റു മതങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിൽ, എല്ലാ തർക്കങ്ങളും അവസാനിപ്പിക്കാനും മരണവും നാശവും കൊണ്ടുവരുന്ന എല്ലാ യുദ്ധങ്ങളും നിർത്തലാക്കാനും ആവശ്യപ്പെട്ടു. യുദ്ധത്തിൽ ഏവരും പരാജിതരാണെന്ന് ഓർമ്മിപ്പിച്ച നേതാക്കൾ, ഉടനടി സാർവ്വത്രിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. സുസ്ഥിരവും ശാശ്വതവുമായ സമാധാനത്തിലേക്കു നയിക്കുന്ന ചർച്ചകൾ സജീവമാക്കണമെന്ന് പ്രസ്‌താവനയിൽ അവർ അഭ്യർത്ഥിച്ചു.

ആണവഭീഷണി ഇല്ലാതാക്കാൻ വീണ്ടും സംവാദങ്ങൾ ആരംഭിക്കണമെന്നാണ് സമാധാനകാംക്ഷികളായ ഏവരും ആഗ്രഹിക്കുന്നതെന്ന് അവർ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധം സൃഷ്‌ടിച്ച ഭീകരതകൾക്കും സഹനങ്ങൾക്കും ശേഷം ആഴത്തിലുള്ള മുറിവുകൾ സുഖമാക്കാനും ഐക്യരാഷ്ട്ര സംഘടനക്ക് ജന്മം നൽകാനും ലോകരാഷ്ട്രങ്ങൾക്ക് സാധിച്ചുവെന്നത് മതനേതാക്കൾ ഓർമ്മിപ്പിച്ചു. സമാധാനം എന്നത്തേക്കാളും ഇന്നിന്റെ ഒരു ആവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഭൂമിയെയും മാനവരാശിയെത്തന്നെയും ഇല്ലാതാകാൻ വഴിതുറക്കുന്ന ആയുധക്കച്ചവടം അവസാനിപ്പിച്ച് ഒരുമിച്ചു ജീവിക്കാനുള്ള പുതിയ വഴികൾ സൃഷ്ടിക്കാനാണ് പുതുതലമുറകൾ ശ്രമിക്കേണ്ടത്. സംഘർഷങ്ങളുടെ പരിഹാരത്തിനുള്ള മാർഗ്ഗമായി യുദ്ധത്തെ കാണരുതെന്നും മതനേതാക്കൾ വ്യക്തമാക്കി.

മതങ്ങൾ സമാധാനത്തിന്റെ ഉറവിടമാണെന്ന് ആവർത്തിച്ച ഈ അഭ്യർത്ഥനയിൽ, ദൈവത്തിന്റെ നാമം മുൻകാലങ്ങളിൽ ദുരുപയോഗം ചെയ്‌തതിൽ മതപ്രതിനിധികൾ ക്ഷമ ചോദിച്ചു. യുദ്ധമല്ല, സമാധാനമാണ് വിശുദ്ധമെന്നും മനുഷ്യർ യുദ്ധത്തിന് അറുതി വരുത്തുന്നില്ലെങ്കിൽ യുദ്ധം മനുഷ്യവർഗ്ഗത്തിന് അറുതി വരുത്തുമെന്നും തങ്ങളുടെ സമാധനാഭ്യർത്ഥനയിൽ അവർ ലോകത്തെ ഓർമ്മിപ്പിച്ചു.

ഒരു ആണവയുദ്ധ ഭീഷണിയിൽ നിന്ന് നമുക്ക് ലോകത്തെ മോചിപ്പിക്കാമെന്ന് ആഹ്വാനം ചെയ്ത ലോകമതനേതാക്കൾ, ജനതകൾ തമ്മിലുള്ള സമാധാനത്തിലേക്കു നയിക്കുന്ന പരസ്പരസംവാദങ്ങൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.