
ലോകമെമ്പാടുമുള്ള ജനതകളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പാവങ്ങളുടെ പാപ്പ ഫ്രാൻസിസ് പാപ്പയുടെ സംസ്കാരച്ചടങ്ങുകളിൽ സംബന്ധിക്കുന്നതിനായി വിവിധ ലോകനേതാക്കൾ വത്തിക്കാനിലേക്ക് എത്തിത്തുടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നായി 130 പ്രതിനിധി സംഘങ്ങൾ ചടങ്ങുകളിൽ സംബന്ധിക്കുമെന്നു വത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രോട്ടോക്കോൾ കാര്യാലയം അറിയിച്ചു. ഈ സംഘങ്ങളിൽ, അൻപതോളം രാഷ്ട്രത്തലവന്മാരും പത്തോളം ഭരണത്തലവന്മാരും ഉണ്ടായിരിക്കുമെന്നും കാര്യാലയത്തിന്റെ ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് രാഷ്ട്രപതി ഇമ്മാനുവേൽ മാക്രോൺ എന്നിവർ വത്തിക്കാനിൽ എത്തുന്നവരിൽ പ്രധാനികളാണ്. ഫ്രാൻസിസ് പാപ്പയുടെ മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ അമേരിക്കൻ പ്രസിഡന്റ് കുറിച്ച സന്ദേശത്തിൽ, താനും മെലാനിയായും ഫ്രാൻസിസ് പാപ്പായുടെ സംസ്കാരച്ചടങ്ങുകളിൽ സംബന്ധിക്കും എന്ന് കുറിച്ചിരുന്നു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പങ്കുവച്ച കുറിപ്പിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു, ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ ഡി സൂസ എന്നിവരും ചടങ്ങുകൾക്കായി വെള്ളിയാഴ്ച്ച വത്തിക്കാനിലേക്കു പുറപ്പെട്ടതായി അറിയിച്ചു.