പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതം: മന്ത്രി വി.എന്‍. വാസവന്‍

പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെയും മാതൃകാ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ആവാസ വ്യവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളാണെന്ന തിരിച്ചറിവില്‍ പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് ഭാവിതലമുറയ്ക്കായി കരുതി ഉപയോഗിക്കാനുള്ള മനോഭാവം ഓരോരുത്തരിലും ഉണ്ടാകണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണം അനുദിന ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവില്‍ ഭൂമിയെയും പ്രകൃതി വിഭവങ്ങളെയും സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും കരുതലോടെ ഉപയോഗിക്കുവാനും കഴിയണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചുറ്റുപാടുകളെ സംരക്ഷിക്കുവാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന ബോദ്ധ്യം പകര്‍ന്ന് നല്‍കുവാന്‍ പരിസ്ഥിതിദിനാചരണം വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ചാഴികാടന്‍ എം. പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് മാതൃക പരിസ്ഥിതി പ്രവര്‍ത്തകരെ മന്ത്രി വി.എന്‍ വാസവന്‍ പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. ഡോ. ജയകുമാര്‍ റ്റി.കെ, ഡോ. പുന്നന്‍ കുര്യന്‍ വേങ്കേടത്ത്,  പ്രൊഫ. എസ്. ശിവദാസ്, പ്രൊഫ. ഡോ. ജോമി അഗസ്റ്റിന്‍, ഡോ. ജേക്കബ് ജോര്‍ജ്ജ്് ഒഴത്തില്‍, കെ. ബിനു എന്നിവരെയാണ് ആദരിച്ചത്. കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടു.

ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് കോട്ടയം ജില്ലാ മണ്ണ് പരിശോധന ലാബ് അസി. ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായി എഴുനൂറോളം സന്നദ്ധപ്രവര്‍ത്തകര്‍ ദിനാചരണത്തില്‍ പങ്കെടുത്തു. ദിനാചരണത്തില്‍ പങ്കെടുത്തവര്‍ക്കായി പച്ചക്കറി വിത്തുകളുടെ കിറ്റുകളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.