അബോർഷൻ ക്ലിനിക്കിനു മുന്നിൽ അൽപനേരം നിശബ്ദയായി പ്രാർത്ഥിച്ചു; പിഴയടക്കാൻ വിധിച്ച് പോലീസ്

ഇംഗ്ലണ്ടിലെ താമസക്കാരിയായ 76- കാരിയാണ് റോസാ ലേലർ. ഒരിക്കൽ റോസാ, ഇംഗ്ലണ്ടിലെ അബോർഷൻ ക്ലിനിക്കിനു മുന്നിലൂടെ നടന്നുപോയപ്പോൾ അല്പനേരം അവിടെ നിന്ന്, നിശബ്ദയായി പ്രാർത്ഥിച്ചു. ഈ പ്രവർത്തിയെ തുടർന്ന് റോസാ അറസ്റ്റിലാവുകയും 200 യൂറോയോളം പിഴ റോസായുടെമേൽ ചുമത്തുകയും ചെയ്‌തിരിക്കുകയാണ് പോലീസ്. സർക്കാരിന്റെ ഈ നടപടിക്കെതിരെ അന്താരാഷ്ട്ര സംഘടനകൾ പോലും പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

2021 ഫെബ്രുവരി 24- ന് ലിവർപൂളിലെ തന്റെ ഭവനത്തിൽ നിന്ന് നടക്കാനും പ്രാർത്ഥിക്കാനുമായി പുറത്തിറങ്ങിയതാണ് റോസാ. ഒരു ജപമാലയും മുറുകെ പിടിച്ചുകൊണ്ടായിരുന്നു റോസായുടെ യാത്ര. കോവിഡ് സമയമായിരുന്നു. അതുകൊണ്ടു തന്നെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങളും അവർ പാലിച്ചിരുന്നു.

2020- ൽ മാത്രം 4040 അബോർഷനുകൾ നടത്തിയ ഒരു ക്ലിനിക്കിനു മുന്നിലൂടെ നടന്നുപോകവെ റോസാ അൽപനേരം അവിടെ നിന്ന് നിശബ്ദയായി പ്രാർത്ഥിച്ചു. എന്തിനാണ് പുറത്തിറങ്ങിയതെന്ന് പോലീസ്, റോസയോടു ചോദിച്ചപ്പോൾ അവരുടെ മറുപടി, നടക്കാനും പ്രാർത്ഥിക്കാനുമാണ് എന്നായിരുന്നു. എന്നാൽ, റോസാ പുറത്തിറങ്ങിയത് പ്രാർത്ഥിക്കാനല്ലെന്നും അബോർഷൻ ക്ലിനിക്കിനു മുന്നിൽ പ്രതിഷേധിക്കാനാണെന്നും പോലീസ് വാദിച്ചു. പക്ഷേ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന പേരിൽ റോസാ അറസ്റ്റു ചെയ്യപ്പെട്ടു. ഇന്നും പിഴയിൽ നിന്ന് ഒഴിവ് കിട്ടാൻ റോസാ നിയമപോരാട്ടം നടത്തുകയാണ്.

ശാന്തമായി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാർത്ഥനയോടെ നടക്കുക മാത്രമേ അവർ ചെയ്തുള്ളുവെന്നാണ് ഇംഗ്ലണ്ടിലെ എഡിഎഫ് സംഘടന പറഞ്ഞത്. “കേവലം പ്രാർത്ഥിച്ചതിന്റെ പേരിൽ ആരെയും കുറ്റവാളികളാക്കരുത്. അതുകൊണ്ടാണ് ഞങ്ങൾ റോസയുടെ പ്രതിരോധത്തെ പിന്തുണയ്ക്കുകയും നല്ല ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നത്”- എഡിഎഫ് സംഘടനയുടെ അഭിഭാഷകൻ പറയുന്നു. നിശബ്ദമായ പ്രാർത്ഥന ഉൾപ്പെടെ പൊതുവിടങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശം ദേശീയ അന്തർദേശീയ നിയമങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മൗലിക മനുഷ്യാവകാശമാണെന്നും പ്രോ-ലൈഫിന്റെ യുകെ ഇന്റർനാഷണൽ കാമ്പെയ്‌നുകളുടെ ഡയറക്ടർ റോബർട്ട് കോൾക്വൗൺ പ്രസ്‌താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.