മാർ ആൻഡ്രൂസ് താഴത്തിനും ജോസഫ് മാർ തോമസിനും സ്വീകരണം

ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ചുബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രൂസ് താഴത്തിനും വൈസ് പ്രസിഡന്റായ തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാദ്ധ്യക്ഷൻ ജോസഫ് മാർ തോമസിനും സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്വീകരണം നൽകി. നവംബർ 14- ന് വൈകുന്നേരം ഏഴു മണിക്ക് സായാഹ്നപ്രാർത്ഥനക്കു ശേഷം നടത്തിയ അത്താഴവിരുന്നിനിടയിൽ ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ നേതൃത്വശുശ്രൂഷയിൽ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ച് സഭയെ നയിക്കാൻ സാധിക്കട്ടെയെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസിച്ചു. ഭാരത കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സിബിസിഐ- യുടെ പങ്ക് കർദ്ദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു.

സീറോമലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, വരാപ്പുഴ ആർച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യൂഹന്നാൻ മാർ തെയഡോഷ്യസ്, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ജെ.ബി. കോശി, മദർ ജനറൽ ലിറ്റി എഫ്‌സി‌സി എന്നിവർ ആശംസകൾ അർപ്പിച്ചു.

ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ജസ്റ്റിസ് എബ്രഹാം മാത്യു, ഹൈബി ഈഡൻ എം‌പി, ടി.ജെ. വിനോദ് എം‌എല്‍‌എ, കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, എറണാകുളംഅങ്കമാലി, തൃശൂർ അതിരൂപതകളിൽ നിന്നുള്ള വികാരി ജനറലുമാർ, സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സ്, വൈദിക-സമർപ്പിത-അത്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൂരിയ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ കൃതജ്ഞത അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.