
267-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് രാവിലെ, ലെയോ പതിനാലാമൻ മാർപാപ്പ സിസ്റ്റൈൻ ചാപ്പലിൽ കർദിനാൾ വോട്ടർമാർക്കൊപ്പം ദിവ്യബലി അർപ്പിച്ചു. തദവസരത്തിൽ, ക്രിസ്തുവിലുള്ള നമ്മുടെ സന്തോഷകരമായ വിശ്വാസത്തിന് നാം സാക്ഷ്യം വഹിക്കണം എന്ന് അദ്ദേഹം കർദിനാൾമാരെ ഓർമ്മിപ്പിച്ചു. വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അർഥം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ക്രിസ്തുവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധം നന്നായി വളർത്തിയെടുക്കാൻ പുതിയ മാർപാപ്പ തന്റെ പ്രസംഗത്തിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. “സഭയുടെ അമ്മയായ മറിയത്തിന്റെ സ്നേഹനിർഭരമായ മധ്യസ്ഥതയിലൂടെ ദൈവം ഇന്നും എപ്പോഴും എനിക്ക് ഈ കൃപ നൽകട്ടെ” എന്ന് പ്രാർഥിച്ചുകൊണ്ടാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.