ദുഃഖവെള്ളിയാഴ്ച മാർപാപ്പ നയിക്കുന്ന കുരിശിന്റെ വഴിയിൽ പങ്കുചേരാൻ റഷ്യ – ഉക്രൈൻ കുടുംബങ്ങൾ

റോമിലെ കൊളോസിയത്തിൽ ഫ്രാൻസിസ് മാർപാപ്പ നയിക്കുന്ന കുരിശിന്റെ വഴിയിൽ പങ്കുചേരാൻ റഷ്യ – ഉക്രൈൻ കുടുംബങ്ങൾ. ഏപ്രിൽ 15- നു നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ കുരിശ് വഹിക്കുന്നത്
ഈ കുടുംബങ്ങളാണ്.

കുരിശിന്റെ വഴി പ്രാർത്ഥനക്കുള്ള ധ്യാനചിന്തകൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. കുടുംബജീവിതത്തെ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനകളും ചിന്തകളുമാണ് ഇത്തവണ കുരിശിന്റെ വഴിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ, വികലാംഗരായ കുട്ടികളുള്ള കുടുംബം, കുടിയേറ്റക്കാരുടെ കുടുംബം, ഉക്രൈൻ യുദ്ധം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ എന്നിവരിൽ നിന്നുള്ള ധ്യാനചിന്തകൾ ഇതിൽ ഉൾപ്പെടുന്നു.

യേശുവിന്റെ കുരിശുമരണം ധ്യാനിക്കുന്ന പതിമൂന്നാം സ്ഥലത്ത്, യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്ന ഒരു ഉക്രേനിയൻ കുടുംബവും ഒരു റഷ്യൻ കുടുംബവും ഒരുമിച്ചെഴുതിയ ഒരു ധ്യാനചിന്തയാണ് വായിക്കുന്നത്. മാതൃരാജ്യങ്ങൾ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഈ രണ്ട് കുടുംബങ്ങളും കുരിശിന്റെ വഴിയിലെ പതിമൂന്നാം സ്ഥലത്തിനു വേണ്ടി മരക്കുരിശ് വഹിക്കും. തുടർന്ന് അത് കുടിയേറ്റക്കാരുടെ കുടുംബത്തിനു കൈമാറും. അവരാണ് അവസാന സ്ഥലത്തേക്ക് കുരിശ് വഹിക്കുന്നത്.

കുരിശിന്റെ വഴിയിലെ സ്ഥലങ്ങൾ എഴുതാൻ 15 കുടുംബങ്ങളെയാണ് വത്തിക്കാൻ ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. അമോറിസ് ലെറ്റിഷ്യ കുടുംബവർഷത്തോട് അനുബന്ധിച്ചാണ് ഇത്തവണ കുടുംബങ്ങളെ പ്രാർത്ഥനകൾ നയിക്കാൻ തിരഞ്ഞെടുത്തത്. ജൂൺ 26- ന് റോമിൽ വച്ചു നടക്കുന്ന ആഗോളകുടുംബങ്ങളുടെ 10 -ാമത് സമ്മേളനത്തോടു കൂടി കുടുംബവർഷം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.