കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ പങ്കുചേർന്ന് റഷ്യ – ഉക്രൈൻ കുടുംബങ്ങൾ

ഫ്രാൻസിസ് മാർപാപ്പ നയിച്ച കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ പങ്കുചേർന്ന് റഷ്യ – ഉക്രൈൻ കുടുംബങ്ങൾ. ദുഃഖവെള്ളിയാഴ്ച റോമിൽ നടന്ന കുരിശിന്റെ വഴിയിലാണ് റഷ്യ – ഉക്രൈൻ കുടുംബങ്ങൾ പങ്കാളികളായത്.

പതിമൂന്നാം സ്റ്റേഷന് വേണ്ടി ധ്യാനചിന്തകൾ എഴുതിയത് ഉക്രേനിയൻ – റഷ്യൻ കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ചാണ്. ഉക്രൈനിൽ ഇപ്പോഴും യുദ്ധം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഏപ്രിൽ 15- ന് റോമിലെ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴിയിൽ ഈ ധ്യാനചിന്തകൾ വായിച്ചില്ല. ഉക്രൈനിൽ നിന്നുള്ള ഐറിനയും റഷ്യയിൽ നിന്നുള്ള ആൽബിനയുമാണ് പതിമൂന്നാം സ്റ്റേഷനുവേണ്ടി കുരിശ് വഹിച്ചത്. റോമിലെ കാമ്പസ് ബയോ-മെഡിക്കോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഒരുമിച്ച് ജോലി ചെയ്യുന്ന ഈ സ്ത്രീകൾ കണ്ണീരോടെയാണ് കുരിശ് വഹിച്ചത്.

ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കർക്ക് കൊളോസിയത്തിലെ പതിമൂന്നാം സ്റ്റേഷനുവേണ്ടിയുള്ള ധ്യാന ചിന്തകൾ അംഗീക്കരിക്കാൻ കഴിയുന്നതല്ലെന്ന് ഉക്രേനിയൻ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് തന്റെ പതിവ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ഹോളി സീയിലെ ഉക്രേനിയൻ അംബാസഡർ ആൻഡ്രി യുറാഷും കീവിലെ ബിഷപ്പ് വിറ്റാലി ക്രിവിറ്റ്സ്കിയും ഇത്തരത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലാ സിവിൽറ്റ കാറ്റോലിക്ക ജേർണലിന്റെ എഡിറ്റർ – ഇൻ – ചീഫായ ഫാ. അന്റോണിയോ സ്പാഡരോ ഈ നടപടിയെ എതിർത്തില്ല.

“ദു:ഖവെള്ളിയാഴ്‌ചയിൽ അൽബിന, ഐറിന എന്നീ രണ്ടു സ്‌ത്രീകൾ കുരിശു വഹിക്കും. അവർ ഒരു വാക്കുപോലും പറയില്ല. ഒരു ക്ഷമാപണമോ അഭ്യർത്ഥനയോ പോലും പറയില്ല. അന്ധകാരം കനത്തിരിക്കുന്ന ഈ ലോകത്ത് അതൊരു പ്രവചന അടയാളമായിരിക്കും. അവർ ഒരുമിച്ചിരിക്കുന്നത്, ദൈവത്തിന്റെ മക്കളും സഹോദരങ്ങൾ എന്ന നിലയിലുമാണ്”- ഫാ. അന്റോണിയോ ഇറ്റാലിയൻ പത്രമായ ഇൽ മാനിഫെസ്റ്റോയിൽ എഴുതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.