ക്രിസ്തുവിന്റെ ചിത്രം കൈയ്യിൽ കൊടുത്തപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി; വൈറലായ വീഡിയോയെ കുറിച്ച് അമ്മ

കാരണമില്ലാതെ എപ്പോഴും കരയുന്നവരാണ് കുഞ്ഞുങ്ങൾ. അവരെയൊന്ന് സമാധാനിപ്പിക്കാൻ മാതാപിതാക്കൾക്ക് നന്നേ പണിപ്പെടേണ്ടിവരും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കരയുന്ന കുഞ്ഞിന്റെ കൈകളിലേക്ക് യേശുവിന്റെ ഒരു ചിത്രം വച്ചുകൊടുത്തപ്പോൾ 13 മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞു കരച്ചിൽ നിർത്തുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്.

കുഞ്ഞിന്റെ കൈകളിലേക്ക് ഈശോയുടെ ചിത്രം വച്ചുകൊടുക്കുമ്പോൾ ആ കുഞ്ഞ് ശാന്തനാവുകയാണ്. യേശുവിന്റെ മുഖത്തേക്ക് വിരലുകളോടിക്കുന്ന കുഞ്ഞ് ആ മുഖത്തെ പിന്നെ നിർത്താതെ തലോടുന്നു. വിഡിയോയോടൊപ്പം ആ അമ്മ ചില കാര്യങ്ങളും കുറിച്ചിട്ടുണ്ട്. ‘യേശുവിനെക്കുറിച്ച് ഈ കുഞ്ഞിന് ഒന്നുംതന്നെ അറിയില്ല. സംസാരിക്കാൻ പോലും ഈ കുഞ്ഞ് ശീലിച്ചുവരുന്നതേ ഉള്ളൂ.’ യേശുവിന്റെ ചിത്രത്തെ തലോടുന്ന കുഞ്ഞിൽ നിന്ന് അമ്മയ്ക്ക് ചില ബോധ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതും വീഡിയോയുടെ അടിക്കുറിപ്പായി അമ്മ എഴുതിയിട്ടുണ്ട്.

“ദൈവം നമ്മെ സൃഷ്ടിച്ചത് അവനോടുള്ള സ്വാഭാവിക സ്നേഹത്തോടെയും ആഗ്രഹത്തോടെയുമാണ്. ഒരു കുഞ്ഞിൽ അത് വളരെ വ്യക്തമായി കാണുന്നത് അവിശ്വസനീയമാണ്. നാം എപ്പോഴും ശിശുക്കളെപ്പോലെ ആയിരിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്” – അടിക്കുറിപ്പിൽ പറയുന്നു.

ഈ വിഡിയോയിൽ നിന്ന് നമുക്ക് ലഭിക്കുന്ന മറ്റൊരു സന്ദേശവുമുണ്ട്. അതായത്, സഹനത്തിന്റെ ഏകാന്തനിമിഷങ്ങളിൽ വിശ്വാസവും പ്രത്യാശയും കൈവിടാതെ നാം ഓടിയെത്തേണ്ടത്ത് ക്രിസ്തുവിന്റെ ചാരത്താണ്. അതും ശിശുസഹജമായ വിശ്വാസത്തോടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.