
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആശംസകൾ നേരുന്നതോടൊപ്പം, അവർക്കെതിരെ തുടരുന്ന അതിക്രമങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ കടുത്ത ദുഃഖം രേഖപ്പെടുത്തി. മാർച്ച് എട്ട് ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുചേർന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
സ്ത്രീകൾക്കെതിരായ ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് മാർപാപ്പ തുറന്നുപറഞ്ഞു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവണതകൾക്കെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ സ്ത്രീകൾ നൽകുന്ന വലിയ സംഭാവനകളെ മാർപാപ്പ അഭിനന്ദിച്ചു.
“ലോകത്തെ കൂടുതൽ മാനുഷികവും സമാധാനപൂർണ്ണവുമാക്കാൻ സ്ത്രീകളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്,” പാപ്പ ഓർമ്മിപ്പിച്ചു. ഇറാൻ-ലബനൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള യുദ്ധമേഖലകളിൽ ദുരിതമനുഭവിക്കുന്ന അമ്മമാരെയും പെൺകുട്ടികളെയും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു. സമാധാനത്തിന്റെ നെയ്ത്തുകാരാകാൻ സ്ത്രീകൾക്ക് പ്രത്യേക കഴിവുണ്ടെന്ന് പാപ്പ പറഞ്ഞു




