
“ഇത് ഫ്രാൻസിസ് ആണ്. എനിക്ക് നിങ്ങളുടെ കത്ത് ലഭിച്ചു.” 2018 ഡിസംബർ മാസത്തിലാണ് സി എൻ എ യും ഇ ഡബ്ല്യൂ ടി എൻ ന്യൂസ് വത്തിക്കാൻ ഫോട്ടോഗ്രാഫറുമായ ഡാനിയേൽ ഇബാനെസിനാണ് ആ ഫോൺ കോൾ ലഭിച്ചത്. രണ്ട് മാസം മുമ്പ്, 2018 ഒക്ടോബറിൽ, സ്പെയിനിലെ പാലൻസിയയിൽ നിന്നുള്ള ഒരു യുവ കത്തോലിക്കനെന്ന നിലയിൽ ഒരു കത്തോലിക്കാ മാധ്യമസംഘടനയുടെ ഫോട്ടോഗ്രാഫറായി ഇറ്റലിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇബാനെസ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു കത്ത് അയച്ചിരുന്നു.
“ഞാൻ മരവിച്ചുപോയി, കാരണം ഞാൻ പാപ്പയുമായാണ് സംസാരിക്കുന്നത്” – ഇബാനെസ് പറയുന്നു. ‘2018 ഡിസംബർ 20 ന് കാസ സാന്താ മാർട്ടയിൽ നടക്കുന്ന വിശുദ്ധ കുർബാനയിലേക്ക് നിങ്ങളെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അത് ഞാൻ വത്തിക്കാനിൽ (ക്രിസ്തുമസിനു മുമ്പ്) അവസാനമായി അർപ്പിക്കുന്ന വിശുദ്ധ കുർബാനയായിരിക്കും.’ – പാപ്പ പറഞ്ഞു നിറുത്തി.
പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനകളിലും പരിപാടികളിലും ഇബാനെസ് എപ്പോഴും ജോലി ചെയ്യുന്നതിനാൽ – അതായത് ഫോട്ടോ എടുക്കുന്നതിനാൽ – ഒരു സാധാരണ കത്തോലിക്കനായി ഫ്രാൻസിസ് മാർപാപ്പയെ അറിയാനുള്ള അവസരത്തിനായുള്ള തന്റെ ആഗ്രഹവും അദ്ദേഹം ആ കത്തിൽ പ്രകടിപ്പിച്ചിരുന്നു. അഞ്ച് മിനിറ്റ് നീണ്ടുനിന്ന അവരുടെ ഫോൺ കോളിൽ, തന്റെ കത്തിന് നേരത്തെ മറുപടി നൽകാത്തതിന് ഫ്രാൻസിസ് മാർപാപ്പ മാപ്പ് ചോദിച്ചത് തന്നെ സ്പർശിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തെന്ന് അന്ന് 27 വയസ്സുള്ള ഇബാനെസ് പറഞ്ഞു.
വത്തിക്കാന്റെ ഗസ്റ്റ്ഹൗസിൽ നടക്കുന്ന സ്വകാര്യ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തിനുള്ളിൽ എന്തുചെയ്യണമെന്ന് പാപ്പ അദ്ദേഹത്തിന് നിർദേശങ്ങളും നൽകി. “ഒരു മുത്തച്ഛനെപ്പോലെ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം നാല് തവണ ആവർത്തിച്ചു. കാരണം എനിക്ക് മനസ്സിലായില്ല. എന്റെ തലച്ചോറ് ശരിക്കും മരവിച്ചുപോയി” – ഇബാനെസ് കൂട്ടിച്ചേർത്തു.
2018 ഡിസംബർ 20-ന്, കാസ സാന്താ മാർട്ടയിലെ ചാപ്പലിൽ എത്തിയ അദ്ദേഹം ആദ്യം ഏറ്റവും പിന്നിൽ ഇരുന്നു. പക്ഷേ പുരോഹിതന്മാർ അദ്ദേഹത്തെ മുന്നിലേക്ക് ഇരിക്കാൻ അനുവദിച്ചു. അവർ ഒരു ഫോട്ടോഗ്രാഫറിന് ചേർന്ന മികച്ച ഇരിപ്പിടത്തിലേക്കാണ് എന്നെ നയിച്ചത്. പക്ഷെ അന്ന് ഞാൻ പാപ്പയെ കണ്ടത് ക്യാമറകണ്ണുകളിലൂടെ അല്ലായിരുന്നു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, പാപ്പ ഓരോരുത്തരെയും വ്യക്തിപരമായി അഭിവാദ്യം ചെയ്തു. ഫോട്ടോഗ്രാഫറാണെന്ന് ഇബാനെസ് സ്വയം പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ രണ്ട് ഫോട്ടോകൾ പാപ്പയ്ക്ക് നൽകുകയും ചെയ്തു. തന്റെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള ചില കത്തുകളും അദ്ദേഹം പാപ്പയ്ക്ക് നൽകി.
ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങലിന്റെ നിരവധി ചരിത്ര നിമിഷങ്ങൾ അടുത്തിടെ അദ്ദേഹം പകർത്തി. അതിൽ പാപ്പയുടെ മൃതസംസ്കാരവും അനുബന്ധ ചിത്രങ്ങളും ഉൾപ്പെടുന്നു. വത്തിക്കാനിലെയും പേപ്പൽ പരിപാടികളിലെയും പ്രധാനപ്പെട്ട സംഭവങ്ങൾ ക്യാമറക്കണ്ണുകളിലൂടെ പകർത്തിയെടുക്കുന്ന ഇബാനെസിന്റെ ഹൃദയത്തിൽ പാപ്പ കോറിയിട്ടത് സ്നേഹത്തിന്റെ ഒളിമങ്ങാത്ത ചിത്രമായിരുന്നു.