ചിക്കാഗോയിൽ നടന്ന വെടിവയ്പ്പിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

ചിക്കാഗോയിലെ ഹൈലാൻഡ് പാർക്ക് നഗരത്തിൽ നടന്ന വെടിവയ്പ്പിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ജൂലൈ അഞ്ചിന് ചിക്കാഗോ ആർച്ചുബിഷപ്പ് കർദ്ദിനാൾ ബ്ലേസ് കുപ്പിക്കിന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

യുഎസ്‌-ന്റെ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനാണ് ആക്രമണം നടന്നത്. വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“ഹൈലാൻഡ് പാർക്കിൽ നടന്ന ദുരന്തത്തിൽ ഫ്രാൻസിസ് പാപ്പാ ഖേദം പ്രകടിപ്പിക്കുന്നു. മരിച്ചവർക്ക് നിത്യശാന്തിയും പരിക്കേറ്റവർക്ക് സൗഖ്യവും ലഭിക്കുന്നതിന് പാപ്പാ പ്രാർത്ഥിക്കുന്നു. ദൈവകൃപക്ക് ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും പരിവർത്തനം ചെയ്യാൻ കഴിയും. തിന്മയിൽ നിന്ന് പിന്തിരിഞ്ഞ് നന്മ ചെയ്യാൻ മനുഷ്യമനസിനെ അത് പ്രാപ്തമാക്കും” – സന്ദേശത്തിൽ പാപ്പാ കുറിച്ചു. സമൂഹത്തിലെ ഓരോ അംഗവും അക്രമത്തെ നിരസിക്കുകയും ജീവിതത്തെ ബഹുമാനിക്കുകയും ചെയ്യണമെന്നും പാപ്പാ പ്രസ്‌തുത സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.