വത്തിക്കാൻ ആഭ്യന്തരകാര്യ വിഭാഗത്തിന് പുതിയ ഉപമേധാവി

വത്തിക്കാൻ ആഭ്യന്തരകാര്യ വിഭാഗത്തിന്റെ ഉപമേധാവിയെയും എൽ സാൽവദോർ രാജ്യത്തേക്കുള്ള പുതിയ വത്തിക്കാന്റെ അപ്പസ്തോലിക് നൂൺഷ്യോയെയും ഫ്രാൻസിസ് പാപ്പാ നിയമിച്ചു. വത്തിക്കാൻ ആഭ്യന്തരകാര്യ വിഭാഗത്തിന്റെ പുതിയ ഉപമേധാവിയായി മോൺസിഞ്ഞോർ റോബെർത്തോ കംപീസിയും എൽ സാൽവദോറിന്റെ അപ്പസ്തോലിക് നൂൺഷ്യോയായി മോൺസിഞ്ഞോർ ലൂയിജി റോബെർത്തോ കോനയും ആണ് നിയമിതരായത്.

വത്തിക്കാൻ ആഭ്യന്തരകാര്യ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു ഇറ്റലിയിലെ സിസിലിയയിൽ സിറക്കൂസ നഗരത്തിൽ ജനിച്ച മോൺ. കംപീസി. ഐവറി കോസ്റ്, വെനിസുവേല, ഇറ്റലി എന്നീ രാജ്യങ്ങളിൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിനു വേണ്ടി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

ഇതുവരെ വത്തിക്കാൻ ആഭ്യന്തരകാര്യ വിഭാഗത്തിന്റെ ഉപമേധാവിയായി സേവനം ചെയ്തു വരികയായിരുന്നു മോൺ. ലൂയിജി റോബെർത്തോ കോന. ഇറ്റലിയിലെ സിസിലിയയിൽ നിന്നു തന്നെയുള്ള നിയുക്ത ആർച്ചുബിഷപ് കോന, നിഷേമി എന്ന സ്ഥലത്താണ് ജനിച്ചത്. 2003 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ചെയ്തുവരുന്ന അഭിവന്ദ്യ കോന, പനാമ, പോർട്ടുഗൽ, കമെറൂൺ, മൊറോക്കോ, ജോർദ്ദാൻ, ടർക്കി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2019 ഒക്ടോബർ മുതൽ ആഭ്യന്തരകാര്യ വിഭാഗത്തിന്റെ ഉപമേധാവിയായി സേവനം ചെയ്‌തുവരികയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.