വി. ഓസ്കാർ റൊമേറോയുടെ സുഹൃത്തായ കർദ്ദിനാൾ വിരമിക്കുന്നു

2017-ൽ സഹായമെത്രാൻ സ്ഥാനത്തു നിന്നും കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയും ആദ്യത്തെ സാൽവഡോറൻ കർദ്ദിനാളുമായിരുന്നു കർദ്ദിനാൾ ഗ്രിഗോറിയോ റോസാ ഷാവേസ്. സെപ്റ്റംബർ മൂന്നിന് 80-ാം ജന്മദിനം ആഘോഷിച്ച കർദ്ദിനാൾ ഗ്രിഗോറിയോ, സാൽവഡോറിലെ സഹായമെത്രാൻ സ്ഥാനം രാജി വച്ചു. വി. ഓസ്കാർ റൊമേറോയുടെ വളരെ അടുത്ത സുഹൃത്തും കൂടിയായിരുന്നു അദ്ദേഹം.

40 വർഷമായി സഹായമെത്രാൻ സ്ഥാനത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും ഒരു രൂപത ഭരിച്ചിട്ടില്ല. കർദ്ദിനാൾമാരിൽ, കർദ്ദിനാൾമാരായ മറാഡിയാഗ (ഹോണ്ടുറാസ്), റമാസിനി (ഗ്വാട്ടിമാല), ബ്രെൻസ് (നിക്കരാഗ്വ) എന്നിവരോടൊപ്പം അദ്ദേഹം മധ്യ അമേരിക്കയുടെ ശബ്ദമാണ്. 2017 ജൂണിലെ കോൺസിസ്റ്ററിയിൽ അദ്ദേഹം ചരിത്രത്തിലെ ആദ്യത്തെ സാൽവഡോറൻ കർദ്ദിനാളായി. ബിഷപ്പ് ഗ്രിഗോറിയോ റോസ ഷാവേസ് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത് ഒരു പ്രോട്ടോക്കോൾ ലംഘനത്തോടെ ആയിരുന്നു. ഒരിക്കലും ഒരു സഹായമെത്രാനെ കർദ്ദിനാളായി ഉയർത്തിയിരുന്നില്ല.

ആർച്ചുബിഷപ്പ് ഓസ്കാർ റൊമേറോ (1917-1980) ഒരിക്കലും ഒരു കർദ്ദിനാൾ ആയിരുന്നില്ല. 1977 മുതൽ 1980 വരെ സാൻ സാൽവഡോറിലെ ആർച്ചുബിഷപ്പായിരുന്നു അദ്ദേഹം. ദരിദ്രർക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു. വിശുദ്ധ കുർബാന അർപ്പണമധ്യേ അദ്ദേഹം വധിക്കപ്പെട്ടു. 2015-ൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2018-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

കർദ്ദിനാൾ ഗ്രിഗോറിയോ റോസ ഷാവേസിന്റെ ആർച്ചുബിഷപ്പ് റൊമേറോയുമായി നീണ്ടനാളത്തെ സൗഹൃദം ഉണ്ടായിരുന്നു. 1942 സെപ്റ്റംബർ മൂന്നിന് സോസിഡാഡിൽ ജനിച്ച ഗ്രിഗോറിയോ റോസ ഷാവേസ്, 1965 മുതൽ ഫാ. ഓസ്കാർ റൊമേറോയുമായി ബന്ധം കാത്തുസൂക്ഷിച്ചു. ഭാവിയിലെ വിശുദ്ധൻ ഒരു വൈദികനും ഭാവി കർദ്ദിനാൾ ഒരു സെമിനാരിയനുമായിരുന്ന കാലം മുതൽ. 1970-ൽ സാൻ മിഗുവേൽ രൂപതയിൽ വൈദികനായി നിയമിതനായ ഗ്രിഗോറിയോ റോസ ഷാവേസ് പിന്നീട് ബെൽജിയത്തിലേക്കും ലൂവെയ്‌നിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിലേക്കും കമ്മ്യൂണിക്കഷൻ പഠിക്കാൻ അയക്കപ്പെട്ടു.

വളരെ അസ്ഥിരമായ തന്റെ മധ്യ അമേരിക്കൻ രാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം 1977 മുതൽ 1982 വരെ സാൻ സാൽവഡോറിലെ മേജർ സെമിനാരിയുടെ റെക്ടറായിരുന്നു, കൂടാതെ ബിഷപ്പ് റൊമേറോ രക്തസാക്ഷിയാകുന്ന സമയം വരെ ബിഷപ്പ് റൊമേറോയുടെ അടുത്ത ഉപദേശകരിൽ ഒരാളായിരുന്നു.

1982 ഫെബ്രുവരി 17-ന് ജോൺ പോൾ രണ്ടാമൻ നിയമിച്ചതിനെ തുടർന്ന് അദ്ദേഹം സാൽവഡോറൻ തലസ്ഥാനത്തിന്റെ സഹായമെത്രാനായി. ഒരു വർഷത്തിനു ശേഷം, മാർച്ച് 6, 1983-ന്, മധ്യ അമേരിക്കൻ പര്യടനത്തിന്റെ സമയത്ത് സാൽവഡോറിലേക്ക് മാർപാപ്പയെ അദ്ദേഹം സ്വാഗതം ചെയ്തു. വലിയ രാഷ്ട്രീയ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ സാൻ സാൽവഡോറിലെ കത്തീഡ്രലിലെ ആർച്ചുബിഷപ്പ് റൊമേറോയുടെ ശവകുടീരത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രാർത്ഥിച്ചു. 1,00,000-ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 12 വർഷത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച 1992-ലെ സമാധാന ഉടമ്പടികളിൽ ഒപ്പു വക്കുന്നതിലും അദ്ദേഹം നിർണ്ണായക സംഭാവന നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.