ഡിയർ പാപ്പ, ഹസ്ത ലാ വിസ്ത!

സുനിഷ വി.എഫ്

പുതിയ പാപ്പയുടെ പേര് ‘ഫ്രാൻസിസ്’ എന്നാണെന്ന് അറിഞ്ഞതുമുതൽ ഒരു ചെറിയ സന്തോഷം ഉള്ളിൽതോന്നി. അതിന് രണ്ടു കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ ഫ്രാൻസിസ് പുണ്യാളനാണ്. രണ്ടാമത്തെത് എന്റെ പപ്പായുടെ പേര് ഫ്രാൻസിസ് എന്നാണ്. സുനിഷ വി.എഫ് എഴുതുന്നു.

അതുകൊണ്ടുതന്നെ പോപ്പ് ഫ്രാൻസിസ് എന്ന് പറയുമ്പോഴൊക്കെ ഉള്ളിൽ അൽപം സന്തോഷവും അഭിമാനവും കൂടുതലായിരുന്നു. പിന്നീട് പാപ്പ ആയതിനു ശേഷം മൂന്നുവർഷം കൂടി കഴിഞ്ഞപ്പോൾ കുറച്ചധികം സന്തോഷം തോന്നി. വേറൊന്നുമല്ല എനിക്കൊരു മകൻ ജനിച്ചപ്പോൾ അവന്റെ പേരിലും അൽപം ബോധപൂർവം തന്നെ ഫ്രാൻസിസ് എന്ന് കൂട്ടിച്ചേർത്തപ്പോഴാണ്. അവനു തിരിച്ചറിവായിത്തുടങ്ങിയപ്പോൾ മുതൽ അവനെയും പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ‘എടാ, നിന്റെ പേരും നീർവാരത്തെ പപ്പയുടെ പേരും പോപ്പിന്റെ പേരും ഒന്നാണ്’ എന്ന്. പിന്നീട് ജോലിയുടെ ഭാഗമായി എന്നും രാവിലെ വാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പാപ്പയുടെ വാർത്തകളാണ്. എന്റെ പത്രത്തിൽ അതിനൊരു പ്രത്യേക വിഭാഗം തന്നെയുള്ളതുകൊണ്ട് എല്ലാം വിടാതെ എഴുതിപ്പോന്നു.

ഫ്രാൻസിസ് പാപ്പ പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ ഒന്നുതന്നെയാണെന്ന് അറിഞ്ഞുതുടങ്ങിയപ്പോൾ ആ മനുഷ്യനോട് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും തോന്നിത്തുടങ്ങി. കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഒരു ദിവസംപോലും മുടങ്ങാതെ അദ്ദേഹത്തെ കേട്ട ഒരു വ്യക്തി എന്ന നിലയിൽ, എന്നിൽ അദ്ദേഹമുണ്ടാക്കിയ ചില നന്മയുടെ കഷണങ്ങളെ ചേർത്തുവച്ചാൽ അതിന് സ്നേഹത്തിന്റെ സിമ്പലായ ഹൃദയമായിരിക്കും ഉണ്ടാകുക. അത്രമേൽ അദ്ദേഹത്തോട് സ്നേഹവും ആദരവും തോന്നിയിട്ടുണ്ട്.

ചിലപ്പോഴെങ്കിലും ചില സെലിബ്രിറ്റികളെ നേരിൽകാണുന്നത് വലിയ ആഗ്രഹമായി കൊണ്ടുനടക്കുന്നവരുണ്ടാകും. എനിക്കും അങ്ങനെ ഒരാളുണ്ട്; ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ നാലര വർഷങ്ങളായി ഒരിക്കലെങ്കിലും വത്തിക്കാനിൽ പോയി അദ്ദേഹത്തെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ദിവസങ്ങളില്ലായിരുന്നു. മനസ്സുകൊണ്ട് ഒരായിരംവട്ടം വത്തിക്കാനിൽ പോയി പാപ്പയെ കണ്ട് മടങ്ങിവരുന്നത് വിഭാവനം ചെയ്തിട്ടുണ്ട്. അതും വെറുമൊരു കാഴ്ചയൊന്നുമല്ല. എനിക്ക് അടുത്തുകാണണം; തൊട്ടടുത്ത്. എന്നിട്ട് കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരു ചക്കരയുമ്മയും കൊടുക്കണം. ഇതൊക്കെയായിരുന്നു ആഗ്രഹം. അങ്ങനെ വല്ലാതെ ആഗ്രഹം കൂടുമ്പോൾ ഫ്രാൻസിസ് പാപ്പ, ഒരു പാപ്പവേഷം കെട്ടിയ ചിണുങ്ങുന്ന ഒരു കുഞ്ഞിന്റെ കൂടെനിൽക്കുന്ന ഫോട്ടോ ഇടയ്ക്കിടെ എടുത്ത്  വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടും. വെറുതെയൊന്നുമല്ല, ‘ഐ ലവ് യു പാപ്പ’ എന്ന അടിക്കുറിപ്പോടെ. എന്റെ ഈ ആഗ്രഹം കൊണ്ടാകണം, പലതവണ പാപ്പയെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.

ആ സ്വപ്നങ്ങളിൽ, എന്റെ ഓർമ്മയിലുള്ളത്, എന്റെ നാട്ടിലെ ദാസനക്കര എന്ന സ്ഥലത്ത് അദ്ദേഹം വന്നപ്പോഴായിരുന്നു. അതിന് പാപ്പ ഇന്ത്യയിലോ, കേരളത്തിലോ, വയനാട്ടിലോ വന്നിട്ടില്ലല്ലോ എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. ശരിയാണ്. പക്ഷേ, ഒരു പാസ്പോർട്ട്‌ പോലുമില്ലാത്ത ഞാൻ വത്തിക്കാനിൽ പോകുന്നത് സ്വപ്നത്തിൽപോലും കാണാൻപാടില്ലെന്ന് എന്റെ അബോധമനസ്സിനും അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും അദ്ദേഹം എനിക്ക് എത്തിച്ചേരാൻ സാധ്യതയും ഉറപ്പുമുള്ള ഇടത്തുതന്നെ സ്വപ്നത്തിൽ വന്നതും. എങ്കിലും പാപ്പ പോകുന്നിടത്തെല്ലാം എഴുത്തിന്റെ ഭാഗമായി ഞാനും പിന്നാലെ പോയി. പാപ്പ ഇറാനിലെത്തി, പപ്പുവാ ന്യൂ ഗിനിയയിലെത്തി, സിംഗപ്പൂർ എത്തി എന്നൊക്കെ വാർത്തയെഴുതുമ്പോൾ അദ്ദേഹം എത്തിച്ചേർന്ന ഓരോ ഇടങ്ങളിലെയും കാണികളുടെ ഇടയിൽ ഈ ഞാനും നിൽക്കുന്നതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്.

ഓരോ പിറന്നാളിനും ‘ഹാപ്പി ബർത്ഡേ പാപ്പ’ എന്ന് സ്റ്റാറ്റസ് ഇടുമ്പോഴും ‘അയ്യോ ഒരു വയസ്സ് കൂടിയല്ലോ, എന്റെ പാപ്പയ്ക്ക് പ്രായം കൂടുകയാണല്ലോ, മരിക്കുന്നതിനു മുൻപേ ഒന്ന് പോയി കാണണമല്ലോ’ എന്നൊക്കെ ചിന്തിക്കുമായിരുന്നു. ‘പ്രായമായവർക്കല്ലേ മുട്ടുവേദന, എനിക്കെന്തുകൊണ്ട് ഇത് വന്നെന്ന് അറിയില്ല’ എന്നുപറഞ്ഞ പാപ്പയിലെ നർമ്മബോധം എനിക്കു നൽകിയത് വലിയൊരു ആത്മവിശ്വാസമായിരുന്നു. ഒരു 85 കാരന് (അന്ന് അതായിരുന്നു പ്രായം) ഇത്‌ ഇത്രയും സന്തോഷത്തോടെ പറയാൻ സാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ കാണുന്നതുവരെ അദ്ദേഹവും ഞാനും ജീവിച്ചിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ പാപ്പയ്ക്ക് പനിയാണ്, ജലദോഷമാണ്, സർജറി ആണ്, ആശുപത്രിയിൽ ആണെന്നൊക്കെ ന്യൂസ്‌ എഴുതുമ്പോൾപോലും എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു ആവലാതിയും ഒരിക്കൽപോലും തോന്നിയിരുന്നില്ല. ഈ വർഷത്തെ ആശുപത്രിയിൽപോക്കിൽ പോലും ‘പനിയല്ലേ, അത് മാറിക്കോളും’ എന്ന ചിന്തയായിരുന്നു എനിക്ക്. ലോകം മുഴുവനും പാപ്പയ്ക്കുവേണ്ടി പ്രാർഥന ചോദിച്ചു സ്റ്റാറ്റസ് ഇട്ടപ്പോഴും ഞാൻ അദ്ദേഹത്തിനുവേണ്ടി പ്രാർഥിച്ചതല്ലാതെ വെറുതെ എന്റെ സ്ഥിരം സ്റ്റാറ്റസ് പോലും ഇട്ടില്ലായിരുന്നു. ‘ഇല്ലന്നേ, എനിക്ക് കാണണ്ടേ, അങ്ങനങ്ങു പോയാലെങ്ങനെയാ’ ഇതായിരുന്നു ചിന്ത.

ഈസ്റ്റർ ദിനത്തിലെ പൊതു കൂടിക്കാഴ്ചയിൽ പാപ്പ വന്ന വാർത്ത എഴുതിക്കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അത്രയുമൊക്കെ പാപ്പയ്ക്ക് കുറവായല്ലോ എന്ന്. അതും കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷം ഓഫീസിൽ നിന്ന് മാഗിയുടെ മെസ്സേജ്, ‘പാപ്പ മരിച്ചെന്നു കേൾക്കുന്നു.’ ‘ഏയ്‌, ചുമ്മാ ഫേക്ക് ന്യൂസ് ആയിരിക്കും എന്ന് മനസ്സിൽ വിചാരിച്ചു. ഇന്നലെയല്ലേ പൊതുസദസ്സിൽ വന്ന് ഹാപ്പി ഈസ്റ്റർ പറഞ്ഞത്. ഇത്‌ ഫേക്ക് ന്യൂസ്‌ തന്നെ. ഞാൻ ഉറപ്പിച്ചു. എന്നാലും ഒന്ന് നോക്കിയേക്കാം എന്ന് ചിന്തിച്ച് ബി ബി സി തുറന്നു. അതിൽ വാർത്തയുണ്ട്. എനിക്കെന്തൊപോലായി, പിന്നെ റോയിട്ടേഴ്‌സ് നോക്കി; അതിലും വാർത്ത, ഗാർഡിയൻ നോക്കി, ഇൻഡിപെൻഡന്റ് നോക്കി. എല്ലാത്തിലും മിനിറ്റുകൾക്കു മുൻപ് മാത്രം പബ്ലിഷ് ചെയ്ത വാർത്തയായി കിടക്കുന്നു. ഇടയിൽ ഓഫീസിൽ നിന്നും വീണ്ടും വിളി, ഇത്തവണ ഡിൻസി ചേച്ചിയാണ്. ‘ചേച്ചീ, പാപ്പ മരിച്ചു. ഞാൻ അറിഞ്ഞു. ഇത്രയും പറഞ്ഞ് ഫോൺവച്ചു.’

ന്യൂസ്‌ എഴുതണം. വത്തിക്കാന്റെ സ്ഥിരീകരണ വാർത്തയാണ് എഴുതാനെടുത്തത്. അദ്ദേഹം സ്വർഗീയപിതാവിന്റെ പക്കലേക്കു മടങ്ങി എന്ന് എഴുതിക്കഴിഞ്ഞപ്പോഴേക്കും എനിക്ക് കണ്ണ് കാണാതായി. കണ്ണുനീർ ധാരയായി ഒഴുകി. കണ്ണ് തുടയ്ക്കാതെ തന്നെ യാന്ത്രികമായി വാർത്ത എഴുതി. പിന്നീട് പാപ്പയെക്കുറിച്ചു മാത്രമായിരുന്നു എഴുതിയത്. എന്തോ, മറ്റൊന്നും എഴുതാൻ തോന്നിയില്ല. ചിലർ സങ്കടം മുഴുവൻ പറഞ്ഞുതീർക്കും, മറ്റുചിലർ കരഞ്ഞുതീർക്കും, എന്നെപ്പോലെ വേറെ ചിലർ എഴുതിയും തീർക്കും. കഴിഞ്ഞ നാലര വർഷം ഞാൻ ദിവസവും ഏറ്റവും കുറഞ്ഞത് ഒരു വാർത്തയെങ്കിലും എഴുതിയിട്ടുണ്ടാകും. ഇനി എനിക്ക് ഒരുപാടൊന്നും എഴുതാൻ പറ്റില്ല. കാരണം ഇനി മറ്റൊരു പാപ്പയാണല്ലോ വരിക. അതുകൊണ്ട് ഈ ദിവസങ്ങളിൽ എഴുതാൻ പറ്റുന്നത്ര എഴുതി. എങ്കിലും ഓരോ ലേഖനങ്ങൾ എഴുതുമ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു തേങ്ങൽ വരും, ‘എന്നാലും എനിക്കൊന്നു കാണാൻ പറ്റിയില്ലല്ലോ.’ എഴുതിയ എല്ലാ അക്ഷരങ്ങളിലും കണ്ണീരിന്റെ നനവുണ്ട്, ഹൃദയത്തിന്റെ വിങ്ങലുണ്ട്, ഓരോ എഴുത്ത്  കഴിയുമ്പോഴും ലൈഫെഡേയുടെ ഹോം പേജിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും ലൈവ് പോകുന്ന വീഡിയോ എടുത്തുനോക്കും. ഒരുപാട് നേരം അതിൽ നോക്കിരിക്കാൻ തോന്നില്ല. കാരണം, അങ്ങനെയല്ലല്ലോ ഞാൻ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചത്.

പാപ്പ, എന്റെ സെലിബ്രിറ്റി ക്രഷ് നിങ്ങളായിരുന്നു. നിങ്ങളെ അല്ലാതെ മറ്റൊരാളെയും ഇത്രമേൽ ഞാൻ കാണാൻ ആഗ്രഹിച്ചിട്ടില്ല. ഇനി അങ്ങനെ ഉണ്ടാകാനും സാധ്യതയില്ല. ഈശോയെ കണ്ട ആളുകളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ പേരുള്ളവരും ഇല്ലാത്തവരുമുണ്ട്. അതുപോലെതന്നെ ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ടവരുണ്ട്. എങ്കിലും പാപ്പ, നിങ്ങളെപ്പോലൊരു വിശുദ്ധനെകുറിച്ച് ദിനംപ്രതി എഴുതാൻ ദൈവം എന്നെ അനുവദിച്ചല്ലോ. അതിൽ തന്നെ ഞാൻ ഭാഗ്യവതിയാണ്. ഇപ്പോൾ എനിക്ക് സ്വർഗത്തിൽ രണ്ട് ഫ്രാൻസിസുമാർ; ഭൂമിയിലും രണ്ട് ഫ്രാൻസിസുമാർ. ഈ ഭൂമിയിൽവച്ച് നമുക്ക് പരസ്പരം നേരിൽകാണാൻ സാധിച്ചില്ല. ഇനിയുള്ള പ്രതീക്ഷ സ്വർഗമാണ്. നിങ്ങൾ അവിടെ എത്തിയല്ലോ, പാസ്പോർട്ട്‌ എടുത്ത് റോമിൽ വന്നു കാണുന്നതുപോലെ അത്ര എളുപ്പമല്ല എനിക്ക് അവിടെയെത്താൻ എന്ന് ബോധ്യമുണ്ട്. ഇനി നമ്മൾ സ്വർഗത്തിൽവച്ചു കാണണമെങ്കിൽ ഞാൻ കുറച്ചുകൂടി നന്മ നിറഞ്ഞവളായി ജീവിക്കണം. നമുക്കു കാണാം. എനിക്ക് കണ്ടേ പറ്റൂ, സ്വർഗത്തിൽവച്ച്. അതുവരേയ്ക്കും ഉറപ്പായും ഞാൻ നിങ്ങളെ മിസ്സ്‌ ചെയ്യും. എങ്കിലും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, ഡിയർ പാപ്പാ, ഹസ്ത ലാ വിസ്ത! (Until we meet again).

സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.