ഉക്രൈനിലേക്ക് വീണ്ടും സഹായഹസ്തവുമായി യൂണിസെഫ്

ഉക്രൈനിലെ പോൾട്ടാവ മേഖലയിൽ താമസിക്കുന്ന ഏതാണ്ട് അഞ്ചു ലക്ഷം ആളുകൾക്ക് യൂണിസെഫ് 340 ടൺ അവശ്യവസ്തുക്കളെത്തിച്ചു. റഷ്യ – ഉക്രൈൻ യുദ്ധം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ, കുട്ടികളുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരിക്കുന്ന അവസരത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി ഉക്രൈനിലേക്ക് സഹായവുമായി എത്തിയത്. ഏതാണ്ട് ആറര കോടിയോളം രൂപയുടെ അടിസ്ഥാന സഹായസമഗ്രികളാണ് ഉക്രൈനിലെ പോൾട്ടാവ മേഖലയിലേക്ക് യൂണിസെഫ് കഴിഞ്ഞ ദിവസം എത്തിച്ചത്.

ചികിത്സാസൗകര്യങ്ങൾ, 35 ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കുള്ള സാമഗ്രികൾ, വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും ഉൾപ്പെടെയുള്ള വസ്തുക്കൾ എന്നിവയാണ് യൂണിസെഫ് എത്തിച്ചത്. ഉക്രൈനിലെ വിവിധ അപകടമേഖലകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഏതാണ്ട്  രണ്ടു ലക്ഷത്തോളം ആളുകളാണ് 2022 ഒക്ടോബറിൽ പോൾട്ടാവ മേഖലയിലേക്ക് എത്തിയിരിക്കുന്നത്. ഉക്രൈനിലെ അപകടമേഖലകളിൽ നിന്നെത്തിയ ഇവർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് യൂണിസെഫിന്റെ സഹായം ഉപകരിക്കുമെന്നും പോൾട്ടാവയിലെ റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി ഡിമിട്രോ ലുനിൻ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ യൂണിസെഫ്, ഉക്രൈനിലെ വിവിധ പ്രദേശങ്ങളിലേക്കായി ഏഴു ലക്ഷത്തോളം ടെറ്റനസ്, ഡിഫ്റ്റീരിയ രോഗങ്ങൾക്കെതിരായ വാക്സിനുകളും എത്തിച്ചതായി അറിയിച്ചു. ആറു വയസിനു മുകളിലുള്ള ആളുകൾക്ക് ഈ വാക്സിനുകൾ നൽകപ്പെടും. ഇറ്റാലിയൻ ഗവണ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ വാക്സിനുകൾ എത്തിച്ചതെന്ന് യൂണിസെഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ യൂണിസെഫ് ടെറ്റനസ്, ഡിഫ്റ്റീരിയ രോഗങ്ങൾക്കെതിരായ എഴുപത്തിനായിരത്തോളം വാക്സിൻ ഡോസുകൾ ഉക്രൈനിലെത്തിച്ചിരുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.