ജനവാസമേഖലകളിൽ സ്ഫോടനായുധങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള പ്രസ്താവനയ്ക്ക് പിന്തുണ അഭ്യർത്ഥിച്ച് ഐക്യരാഷ്ട്രസഭ

യൂണിസെഫ് ഡയറക്ടർ ജനറൽ ഉൾപ്പെടെ, ഐകരാഷ്ട്രസഭയുടെ വിവിധ സംഘടനാനേതൃത്വങ്ങളും, റെഡ്‌ക്രോസും, ജനവാസമേഖലകളിൽ സ്ഫോടനായുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ തങ്ങൾ നവംബർ 18 ന് പുറത്തിറക്കുന്ന പ്രസ്താവനയ്ക്ക് ആഗോളപിന്തുണ അഭ്യർത്ഥിച്ചു. ജനവാസമേഖലകളിൽ സ്ഫോടനായുധങ്ങൾ ഉപയോഗിക്കുന്നതുവഴി സാധാരണജനങ്ങൾ ഇരകളാകുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഐക്യരാഷ്ട്രസഭയുടെ മൂന്ന് നേതൃത്വങ്ങളും റെഡ് ക്രോസ്സ് അന്താരാഷ്ട്ര കമ്മിറ്റിയുടെ പ്രെസിഡണ്ടും ചേർന്ന് പ്രസ്താവനയിറക്കുന്നത്. നവംബർ പതിനഞ്ചിനാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്.

നിരായുധീകരണത്തിനു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ സമിതിയുടെ ഉന്നതപ്രതിനിധി ഇസുമി നാകാമിത്സു മാനവികകാര്യങ്ങൾ, അടിയന്തിരസഹായങ്ങൾ എന്നിവയ്ക്കായുളള അണ്ടർസെക്രെട്ടറി മാർട്ടിൻ ഗ്രിഫിത്സ്, ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ, റെഡ്‌ക്രോസിന്റെ മിർജാന സ്‌പോൾയാരിക് എന്നിവർ ഒരുമിച്ച് ചേർന്നാണ് ഇത്തരമൊരു പ്രസ്താവനയിറക്കുന്നത്. ജനവാസമേഖലകളിൽ സ്ഫോടനാത്മക ആയുധങ്ങൾ ഉപയോഗിക്കുന്നതിലൂടെ വരുന്ന മാനവികപ്രശ്നങ്ങളിൽനിന്ന് സാധാരണ ജനങ്ങൾക്ക് സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

സാധാരണ ജനങ്ങളെ ആക്രമിക്കുന്നതും, നഗരങ്ങൾ നശിപ്പിക്കുന്നതും അംഗീകരിക്കാനാകില്ല എന്ന ഒരു ശക്തമായ സന്ദേശം ലോകമെമ്പാടും നൽകുകയാണ് ഇതുവഴി ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസ്സും ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശം മാനിക്കപ്പെടുക, കക്ഷിരാഷ്ട്രങ്ങൾ ജനവാസമേഖലകളിൽ സ്ഫോടനായുധങ്ങൾ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുകയോ, കുറയ്ക്കുകയെങ്കിലുമോ ചെയ്യുക തുടങ്ങിയവയാണ് ലക്‌ഷ്യം.

നവംബർ പതിനെട്ട് ശനിയാഴ്ച അയർലണ്ടിലെ ഡബ്ലിനിൽ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന കോൺഫെറെൻസിൽ വച്ചായിരിക്കും ഈ പ്രസ്താവന പുറത്തുവിടുന്നത്. ഏതാണ്ട് മൂന്ന് വർഷത്തെ പഠനങ്ങളുടെ ഫലമായാണ് ഈ രാഷ്ട്രീയപ്രസ്താവന തയ്യാറാക്കപ്പെട്ടത്. ജനവാസമേഖലകളിൽ സ്ഫോടനായുധങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന അംഗവൈകല്യം, മാനസികാഘാതം തുടങ്ങിയ ദുർഫലങ്ങൾ, വളരെയേറെക്കാലം നീണ്ടുനിൽക്കുന്നതാണ്.

സമ്മേളനത്തിൽ പങ്കെടുക്കുന്ന നിരായുധീകരണത്തിനുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ സമിതിയുടെ ഉന്നതപ്രതിനിധി ഇസുമി നാകാമിത്സു ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുത്തേരെസിന്റെ പേരിൽ സന്ദേശം കൈമാറും.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.