ഓർത്തഡോക്‌സ് ക്രിസ്ത്യാനികളുടെ വിശുദ്ധവാരത്തിൽ റഷ്യ – ഉക്രൈൻ ആക്രമണം താൽക്കാലികമായി നിർത്തുക: യുഎൻ സെക്രട്ടറി ജനറൽ

ഓർത്തഡോക്‌സ് ക്രിസ്ത്യാനികളുടെ വിശുദ്ധവാരാചരണത്തോട് അനുബന്ധിച്ച് ഏപ്രിൽ 21 വ്യാഴാഴ്ച മുതൽ ഉക്രൈന്റെ മേലുള്ള ആക്രമണത്തിന് താൽക്കാലിക വിരാമമെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഏപ്രിൽ 24- നാണ് ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ഇക്കൊല്ലത്തെ ഈസ്റ്റർ ആഘോഷിക്കുന്നത്.

കിഴക്കൻ ഉക്രൈനിൽ റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടയിലാണ് ഈസ്റ്റർ സീസണിൽ ‘മാനുഷികമായ ഒരു താൽക്കാലിക വിരാമത്തിന്റെ’ ആവശ്യകത കൂടുതൽ അടിയന്തിരമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടത്. ഇക്കാലഘട്ടത്തിൽ റഷ്യക്കാരും ഉക്രേനിയക്കാരും ആയുധം താഴെ വയ്ക്കണമെന്നും അപകടസാധ്യതയുള്ള നിരവധി പേർക്ക് സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

“നിലവിൽ ആക്രമണങ്ങൾ രൂക്ഷമായ മേഖലകളിൽ നിന്ന് പ്രദേശവാസികളെ ഒഴിപ്പിക്കാനും മാരിയുപോൾ, ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, കെർസൺ തുടങ്ങിയ അത്യാവശ്യമുള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ മാനുഷികസഹായം ലഭ്യമാക്കാനും ഈ കാലഘട്ടത്തിൽ ശ്രമിക്കണം. ആ പ്രദേശങ്ങളിലെ നാലു ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണ്” – ഗുട്ടെറസ് വെളിപ്പെടുത്തി.

വലിയ ആഴ്ചയുടെ ഈ കാലഘട്ടം ജീവൻ രക്ഷിക്കുന്നതിനും ഉക്രൈനിലെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ തുടരുന്നതിനുമുള്ള ഒരു നിമിഷമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.