ഉക്രേനിയക്കാർക്ക് സഹായം ആവശ്യമാണ്: പോളണ്ടിലെ കത്തോലിക്കാ ബിഷപ്പുമാർ

തുടർച്ചയായ സഹായങ്ങളില്ലാതെ പല ഉക്രേനിയക്കാർക്കും അതിജീവനം സാധ്യമല്ലെന്ന് പോളണ്ടിലെ കത്തോലിക്കാ ബിഷപ്പുമാർ. ജൂൺ ഏഴിന് പുറത്തുവിട്ട സന്ദേശത്തിലാണ് അവർ ഇപ്രകാരം പറയുന്നത്.

“ഉക്രൈനിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം അഭയാർത്ഥികളെ സ്വീകരിച്ചതിന് പോളണ്ട് പ്രത്യേക നന്ദി അർഹിക്കുന്നു. ഇപ്പോഴും ഉക്രൈനിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ നാം തുടർന്നും സഹായിക്കണം. കാരണം സഹായമില്ലാതെ അവരിൽ പലർക്കും അതിജീവനം സാധ്യമല്ല” – ബിഷപ്പുമാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇവരെ സഹായിക്കാൻ പ്രാദേശിക സർക്കാരുകൾ, എൻ‌ജി‌ഒ-കൾ, ഇടവകകൾ എന്നിവ ഒരുമിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

പോളിഷ് ബിഷപ്പുമാരുടെ ഒരു പ്രതിനിധിസംഘം മെയ് 17 – 20 തീയതികളിൽ ഉക്രൈൻ സന്ദർശിച്ചിരുന്നു. അവർ തലസ്ഥാന നഗരമായ കിവീവിലെ സാധാരണക്കാരുമായും സഭാനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് കൂട്ടക്കൊല നടന്ന ഇർപിൻ, ബുച്ച എന്നീ നഗരങ്ങൾ സന്ദർശിക്കുകയും കൊല്ലപ്പെട്ട ഉക്രേനിയക്കാർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌തു.

ഫെബ്രുവരി 24- നാണ് ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയത്. ഉക്രൈനിൽ നിന്ന് ഏകദേശം 3.9 ദശലക്ഷം ആളുകളാണ് ഇതിനോടകം പോളണ്ടിലേക്ക് പലായനം ചെയ്‌തത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.