‘അവർ ഞങ്ങളെ മനുഷ്യരായി പോലും പരിഗണിച്ചില്ല’: റഷ്യൻ തടങ്കലിലെ ക്രൂരതകൾ വെളിപ്പെടുത്തി ഉക്രൈൻ സ്ത്രീകൾ

“പലപ്പോഴും പട്ടിണി കിടന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. അവർ ഞങ്ങളെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല.” റഷ്യ, ഉക്രൈനിൽ നിന്ന് യുദ്ധത്തടവുകാരിയായി പിടിക്കുകയും തടവിൽ പാർപ്പിക്കുകയും ചെയ്ത ഇംഗ ചികിന്ദയുടെ വാക്കുകളാണ് ഇത്. യുദ്ധത്തടവുകാരെ കൈമാറിയ റഷ്യൻ നടപടിയുടെ ഭാഗമായി മോചിക്കപ്പെട്ട ചികിന്ദയുടെ വാക്കുകൾ, റഷ്യൻ തടവിൽ കഴിയുന്ന തടവുകാർ അനുഭവിക്കുന്ന ക്രൂരതയുടെ മുഖം വെളിപ്പെടുത്തുകയാണ്.

റഷ്യയുടെ കീഴിൽ ഉക്രൈനിൽ നിന്ന് യുദ്ധത്തടവുകാരായി കൊണ്ടുവരപ്പെട്ട ആയിരക്കണക്കിന് ആളുകൾ വിവിധ ജയിലുകളിലായി ഉണ്ട്. ഇവർ കടന്നുപോകുന്നത് പട്ടിണിയുടെയും ലൈംഗികമായ അരാജത്വങ്ങളുടെയും പീഡനങ്ങളുടെയും ഇടയിലൂടെയാണ്. ശരിയായ ഭക്ഷണമില്ല; കൂടെ പീഡനങ്ങളും. പലപ്പോഴും നിങ്ങളെ ഉക്രൈന് ആവശ്യമില്ല എന്ന് റഷ്യൻ ഉദ്യോഗസ്ഥർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. മാനസികമായി ഞങ്ങളെ തളർത്തുക എന്നതായിരുന്നു അതിനു പിന്നിലെ ലക്ഷ്യം എന്ന് തടവിൽ നിന്ന് രക്ഷപെട്ടവർ പറയുന്നു.

കൂടാതെ, തടവിലാക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തിനു കൈമാറാതിരിക്കുന്നതിനും റഷ്യൻ സൈനികർ ശ്രമിച്ചിരുന്നു. പലതരത്തിലുള്ള സമ്മർദ്ദങ്ങൾക്കും പീഡനങ്ങൾക്കും നടുവിലും മാനസികധൈര്യം കണ്ടെത്താൻ ഉക്രൈനിലെ സ്ത്രീകൾ ശ്രമിച്ചിരുന്നു. അതിലൊന്നായിരുന്നു ആറ് പേർക്കായി രൂപകൽപന ചെയ്ത ഒരു ചെറിയ സെല്ലിൽ 27 സ്ത്രീകൾ ചേർന്ന് ഉക്രേനിയൻ ഗാനം പതിയെ പാടിയത്. ഇത് തങ്ങൾക്കു നൽകിയ ഊർജ്ജം വലുതായിരുന്നു എന്ന് വസിൽചെങ്കോ എന്ന യുവതി പറയുന്നു.

ജയിലുകളിൽ കഴിയുന്ന യുദ്ധത്തടവുകാർക്ക് പതിവായി മെഡിക്കൽ പരിശോധനയും ചികിത്സകളും നിഷേധിക്കുകയാണ്. ഡൊനെറ്റ്സ്കിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്കു സമീപം താമസിക്കുന്ന ഗ്രാമീണ അനാഥരെ സഹായിച്ചിരുന്ന ലിയുഡ്മില ഗുസെയ്നോവ, 2019- ലാണ് റഷ്യൻ സൈന്യത്തിന്റെ പിടിയിൽപെട്ടത്. തുടർന്നിങ്ങോട്ട് വർഷങ്ങളുടെ തടവ്. അതിനിടയിൽ അവളുടെ കാഴ്ച 70 ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഒഫ്താൽമോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനോ എന്തിന് കണ്ണട നല്കാനോ പോലും ജയിൽ അധികൃതർ അനുവദിച്ചില്ല.

തടവിൽ നിന്നും രക്ഷപെട്ട പലരും ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായ അനുഭവമാണ് പങ്കുവയ്ക്കുന്നത്. വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിക്കുക, ഷോക്കടിപ്പിക്കുക, ബലാത്സംഗം ചെയ്യുക, പല്ലുകളും നഖവും പിഴുതെടുക്കൽ തുടങ്ങിയ ക്രൂരതകൾക്ക് അവരിൽ പലർക്കും വിധേയരാകേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.