മരിയുപോളിനെ രക്ഷിക്കണമെന്ന് മാർപാപ്പയോട് അഭ്യർത്ഥിച്ച് ഉക്രേനിയൻ സൈനികൻ

റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ നഗരമായ മരിയുപോളിനെ രക്ഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥിച്ച് ഉക്രേനിയൻ സൈനികൻ. ഏപ്രിൽ 18- നാണ് മരിയുപോളിലെ ആശങ്കകൾ വിവരിച്ച് മേജർ സെർഹി വോളിന പാപ്പായ്ക്ക് കത്തെഴുതിയത്.

“ഇന്ന് മരിയുപോൾ നരകതുല്യമായ ഒരു പ്രദേശമാണ്. അമ്മമാർ കുട്ടികളുമായി പ്രാണരക്ഷാർത്ഥം ഇപ്പോൾ ബങ്കറുകളിലാണ് കഴിയുന്നത്. ഭക്ഷണവും മരുന്നും വെള്ളവും ലഭിക്കാത്തതിനാൽ പരിക്കേറ്റവർ ഓരോ ദിവസവും മരണമടയുന്നു” – മേജർ സെർഹി കുറിച്ചു. മരിയുപോളിൽ നടക്കുന്ന ആക്രമണങ്ങളുടെ സാക്ഷിയാണ് മേജർ സെർഹി. താൻ കണ്ട യുദ്ധത്തിന്റെ ഭീകരതകൾ വിവരിക്കുകയും നഗരത്തിൽ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് മാർപാപ്പയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. മേജർ സെർഹി ഒരു ഓർത്തോഡോക്സ് ക്രൈസ്തവനാണ്. പ്രാർത്ഥനകൾ പ്രയോജനരഹിതമായ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാറ്റിനെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന സാത്താന്റെ കൈകളിൽ നിന്ന് ആളുകളെ രക്ഷിക്കണമെന്നും അദ്ദേഹം പാപ്പായോട് പറഞ്ഞു.

ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോൾ മാർച്ച് ഒന്നു മുതൽ റഷ്യൻ ആക്രമണത്തിന്റെ കീഴിലാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ 1,00,000 -ത്തിലധികം ആളുകളാണ് മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നതെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.