നൈജീരിയൻ ബിഷപ്പുമായി സംഭാഷണം നടത്തി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ

നൈജീരിയൻ ബിഷപ്പായ ജൂഡ് അരോഗുണ്ടേഡുമായി ഓൺലൈൻ കോൺഫറൻസ് നടത്തി യുഎസ്- ലെ പൊളിറ്റിക്കൽ അഫയേഴ്സ് വിഭാഗം സെക്രട്ടറി വിക്ടോറിയ നൂലാൻഡ്. നൈജീരിയയിലെ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ചർച്ച ചെയ്യുകയായിരുന്നു പ്രധാന ലക്ഷ്യം. അമേരിക്കയിലെ രാഷ്ട്രീയപ്രവർത്തകനായ ക്രിസ് സ്മിത്താണ് ഈ വാർത്ത സ്ഥിരീകരിച്ചത്.

ന്യൂജേഴ്‌സിയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ അംഗമായ സ്മിത്ത്, നൈജീരിയയിലെ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തിൽ നടന്ന കൂട്ടക്കൊലക്കു പിന്നാലെയാണ് സ്മിത്ത് ഇത്തരമൊരു ആശങ്ക ഉന്നയിച്ചത്. തുടർന്ന് നൈജീരിയൻ ബിഷപ്പുമായി കൂടിക്കാഴ്ച നടത്താൻ ഇദ്ദേഹം വിക്ടോറിയയോട് ആവശ്യപ്പെടുകയായിരുന്നു. കാരണം ഓൻഡോ രൂപതയിലെ കൂട്ടക്കൊലക്കു മുമ്പ്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അതിന്റെ വാർഷിക അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും നൈജീരിയയെ ഒഴിവാക്കിയിരുന്നു.

“ജൂൺ അഞ്ചിന് ഓൻഡോ സംസ്ഥാനത്തെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിൽ ഓൻഡോ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് അരോഗുണ്ടാഡുമായി കൂടിക്കാഴ്ച നടത്താൻ സമയം കണ്ടെത്തണം” – ജൂൺ 15 ന് സ്മിത്ത്, വിക്ടോറിയയ്ക്ക് അയച്ച കത്തിൽ പറയുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയയെന്നും അവിടെ ക്രൈസ്തവർക്കു നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ അവഗണിക്കാനാവില്ലെന്നും ഈ പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.