ഒട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ രക്തസാക്ഷികളായ കത്തോലിക്കാ വൈദികർ ഇനി വാഴ്ത്തപ്പെട്ടവർ

ഒട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ രക്തസാക്ഷികളായ രണ്ട് കപ്പൂച്ചിൻ വൈദികരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ജൂൺ നാലിന് ലെബനോനിലെ ജല് എൽ ദിബിൽ വച്ചാണ് ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. തുർക്കിയിലെ കപ്പൂച്ചിൻ വൈദികരും മിഷനറിമാരുമായിരുന്ന ഫാ. ലിയോനാർഡ് മെൽക്കിയെയും ഫാ. തോമസ് സാലിയെയുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

1915-ലും 1917-ലും ഓട്ടോമൻ സാമ്രാജ്യത്തിന്റെ സൈന്യത്താൽ അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തവരാണ് ഇവർ. ലെബനോനിൽ ജൂൺ നാലിന് വൈകുന്നേരം നടന്ന നാമകരണ ബലിയർപ്പണത്തിൽ, കർദ്ദിനാൾ മാർസെല്ലോ സെമെരാരോ ആയിരുന്നു മുഖ്യകാർമ്മികൻ. അദ്ദേഹം നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവനാണ്. “മാനുഷികമായി ചിന്തിക്കുമ്പോൾ ഈ വൈദികർ ഇരകളാണ്. എന്നാൽ ക്രൈസ്തവ വിശ്വാസത്തിന്റെ വീക്ഷണത്തിൽ ഇവർ വിജയികളാണ്” – കർദ്ദിനാൾ മാർസെല്ലോ പറഞ്ഞു.

ഇസ്ലാം മതം സ്വീകരിച്ചാൽ ജീവിക്കാമെന്നും ക്രൈസ്തവനായി തുടരുമെങ്കിൽ മരിക്കുമെന്നും പറഞ്ഞപ്പോൾ ക്രൈസ്തവനായി തുടരാൻ തീരുമാനിച്ച വ്യക്തിയാണ് ഫാ. ലിയോനാർഡ് മെൽക്കി. വിശ്വാസത്യാഗം ചെയ്യാൻ വിസമ്മതിച്ച ഈ വൈദികനെ മറ്റ് 400-ലധികം ക്രൈസ്തവ തടവുകാരോടു കൂടെ മരുഭൂമിയിലേക്ക് കൊണ്ടുപോയി. 1915 ജൂൺ 11-നാണ് അദ്ദേഹം വിശ്വാസത്തിന്റെ പേരിൽ സൈന്യത്താൽ കൊല്ലപ്പെടുന്നത്.

അർമേനിയൻ വംശഹത്യക്കിടെ ഒരു അർമേനിയൻ വൈദികന് അഭയം നൽകിയതിനെ തുടർന്ന് ഫാ. തോമസ് സാലി വധശിക്ഷക്ക് വിധിക്കപ്പെടുകയായിരുന്നു. “എനിക്ക് ദൈവത്തിൽ പൂർണ്ണവിശ്വാസമുണ്ട്; മരണത്തെ ഞാൻ ഭയപ്പെടുന്നില്ല” – മരണത്തിനു മുമ്പ് ലെബനോനിലെ കപ്പൂച്ചിൻ ഓർഡർ അനുസരിച്ച് ഫാ. തോമസ് പറഞ്ഞു.

2020 ഒക്ടോബറിലാണ് ഫാ. മെൽക്കിയുടെയും ഫാ. സാലിന്റെയും രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചത്. ജൂൺ പത്തിനാണ് ഇവരുടെ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.