കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും യാത്രക്കൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ

ജൂലൈ രണ്ടു മുതൽ ഏഴു വരെ കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും അപ്പസ്‌തോലിക യാത്രക്കൊരുങ്ങി ഫ്രാൻസിസ് പാപ്പാ. മെയ് 28- ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പാപ്പായുടെ ഔദ്യോഗിക പരിപാടികൾ പ്രസിദ്ധീകരിച്ചിരുന്നു.

ഈ 37-ാമത് അപ്പസ്തോലിക സന്ദർശനത്തിൽ പരിശുദ്ധ പിതാവ്, രാവിലെ 9.30-ന് റോം ഫിയുമിസിനോ വിമാനത്താവളത്തിൽ നിന്ന് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലേക്കു പുറപ്പെട്ട് കോംഗോയിലെ എൻജിലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.’പാലൈസ് ഡി ലാ നേഷൻ’ എന്നു വിളിക്കപ്പെടുന്ന പരമ്പരാഗത സ്വാഗതചടങ്ങുകൾക്കു ശേഷം, പാപ്പാ പ്രസിഡൻഷ്യൽ ഹാളിൽ പ്രസിഡന്റ് ഫെലിക്സ് ഷിസെക്കെദിയെ സന്ദർശിക്കും. തുടർന്ന് പാലസ് ഗാർഡനിൽ നയതന്ത്രസേനയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പിന്നീട് മാർപാപ്പ അപ്പോസ്തോലിക് നുൺഷിയേച്ചറിൽ പ്രാദേശിക ജസ്യൂട്ടുകളുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയും നടത്തും.

ജൂലൈ മൂന്നിന് കിൻഷാസയിലെ എൻഡോലോ വിമാനത്താവളത്തിൽ രാവിലെ എട്ടു മണിക്ക് പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ആറ് മണിക്ക് ബിഷപ്പുമാർ, വൈദികർ, സന്യാസിനികൾ, വൈദികാർത്ഥികൾ എന്നിവരുമായി നോട്രെ ഡാം ഡു കോംഗോ കത്തീഡ്രലിൽ പാപ്പാ കൂടിക്കാഴ്ച നടത്തും.

ജൂലൈ നാലിന് പാപ്പാ, ഇറ്റാലിയൻ അംബാസഡർ ലൂക്കാ അറ്റനാസിയോ കൊല്ലപ്പെട്ട രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയായ നോർഡ്-കിവുവിലേക്ക് പോകും. കിബുംബ ക്യാമ്പിൽ ഉച്ചക്ക് 12 മണിക്ക് വിശുദ്ധ കുർബാന അർപ്പിച്ച ശേഷം വൈകുന്നേരം 5 മണിക്ക് ബെനിയിൽ അക്രമത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്തും.

ജൂലൈ അഞ്ചിന് ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ സുഡാനിലേക്ക് യാത്ര തിരിക്കും. തലസ്ഥാനമായ ജുബയിൽ, പ്രസിഡന്റ് സാൽവ കിർ മയാർദിയെ സന്ദർശിക്കുകയും ​​തുടർന്ന് ദക്ഷിണ സുഡാനിലെ വൈസ് പ്രസിഡന്റുമാരുമായും നയതന്ത്ര സേനയുമായും പാപ്പാ കൂടിക്കാഴ്ച നടത്തും. ജൂലൈ ആറിന് 11.30-ന് പാപ്പാ ദക്ഷിണ സുഡാനിലെ ജെസ്യൂട്ടുകളുമായി അപ്പസ്തോലിക നുൺഷിയേച്ചറിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 5 മണിക്ക് ബിഷപ്പുമാർ, വൈദികർ, സന്യാസിനികൾ എന്നിവരുമായി സാന്താ തെരേസ കത്തീഡ്രലിൽ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.30-ന് സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേതാവും സമാധാന ഉടമ്പടിക്കു ശേഷം സുഡാനിലെ ആദ്യത്തെ വൈസ് പ്രസിഡന്റുമായ അന്തരിച്ച ജോൺ ഗരാംഗിന്റെ ശവകുടീരത്തിൽ നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയിലും പാപ്പാ അദ്ധ്യക്ഷത വഹിക്കും. ജൂലൈ ഏഴിന് പാപ്പാ തിരികെ റോമിലേക്ക് യാത്ര ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.