സ്വാശ്രയം 2022 നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: സ്വശ്രയസംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുൻനിർത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയസംഘ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്വയാശ്രയ പ്രതിനിധികൾക്കായി സ്വാശ്രയം 2022 എന്ന പേരിൽ നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ച സാധ്യമാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘ പ്രവർത്തനങ്ങളിലൂടെ സാമൂഹിക സുസ്ഥിതിയും വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധങ്ങളും സാധ്യമാകുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. സിറിയക് ഓട്ടപ്പള്ളിൽ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പൽ കൗൺസിലർ ഷൈനി ഫിലിപ്പ്, കെ.എസ്.എസ്.എസ് കോർഡിനേറ്റർ ബെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് സ്വാശ്രയസംഘ മേഖല ഫെഡറേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. സ്വശ്രയസംഘ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി നൂതന കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് കോർഡിനേറ്റർമാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.

ഫാ. സുനിൽ പെരുമാനൂർ
എക്‌സിക്യൂട്ടീവ് ഡയറക്ടർ
ഫോൺ: 9495538063

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.