
റോമിലെ ഫ്യുമിചിനോ വിമാനത്താവളത്തിനടുത്തുള്ള തപാൽകേന്ദ്രത്തിൽ കത്തുകൾ വരാത്ത ദിവസമില്ല. അതിൽ ഏറ്റവും കൂടുതൽ കത്തുകളുള്ളത് വത്തിക്കാനിലേക്കാണ്. ഇവിടേക്കുള്ള തപാൽ ആദ്യം കടന്നുപോകുന്നത് റോമിലെ ഫ്യുമിചിനോ വിമാനത്താവളത്തിലെ പ്രാഥമിക തരംതിരിക്കൽ കേന്ദ്രത്തിലൂടെയാണ്. ഡെലിവറിക്കു മുൻപ് അവിടെ സുരക്ഷയ്ക്കായി പരിശോധിക്കുന്നു.
ദിവസവും ശരാശരി 100 കിലോഗ്രാം തപാൽ ലഭിക്കുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം സ്വീകർത്താവ് ഒരേയൊരാൾ മാത്രം; ഫ്രാൻസിസ് മാർപാപ്പ! എന്നാൽ പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷവും അദ്ദേഹത്തിന്റെ പേരിൽ ഒരുദിവസം ആയിരക്കണക്കിനു കത്തുകൾ വരുന്നുണ്ടായിരുന്നു. ഏതാണ്ട് 330 പൗണ്ട് തപാൽ തൂക്കത്തിനു തുല്യം. അതായത് ഏകദേശം 150 കിലോഗ്രാം തൂക്കം കത്തുകൾ.
‘പോപ്പ്, ജെമെല്ലി ആശുപത്രി, റോം’ ഇങ്ങനെയുള്ള ലളിതമായ വിലാസങ്ങളുണ്ട്. എന്നിട്ടും അവയെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുന്നു. ചില കത്തുകളിൽ ‘ജെമെല്ലി’ എന്നുമാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂ. ചിലതിൽ വത്തിക്കാൻ സിറ്റിയിലെ ‘കാസ സാന്താ മാർത്ത’ എന്ന് ശരിയായി അഭിസംബോധന ചെയ്തിട്ടുണ്ട്. പലതും വളരെ വ്യത്യസ്തമായ കവറുകളാണ്. ചിലതൊക്കെയും കാലിഗ്രാഫിയിൽ ശ്രദ്ധാപൂർവം എഴുതിയിരിക്കുന്നു. എന്നാൽ മറ്റുള്ളവയിൽ വൃത്തിയായി അച്ചടിച്ച വിലാസ ലേബലുകളുണ്ട്. പലതിലും വളരെ ചെറിയ കുട്ടികളുടെ കൈയക്ഷരമായിരുന്നു ഉണ്ടായിരുന്നത്.
കത്തുകൾ ഫ്യുമിചിനോയിൽ സുരക്ഷ പരിശോധിച്ച ശേഷം, റോമിലെ ബെൽസിറ്റോ വിതരണകേന്ദ്രത്തിലേക്ക് മെയിൽ അയയ്ക്കുന്നു. ചില കത്തുകൾ കൺവെയർ ബെൽറ്റുകൾ, ഒപ്റ്റിക്കൽ റീഡറുകൾ, ശബ്ദമുള്ള മെഷീനുകൾ എന്നിങ്ങനെ യന്ത്രവൽകൃത പ്രക്രിയയിലൂടെ കടന്നുപോകുന്നു. മറ്റുള്ളവ തൊഴിലാളികൾ സ്വമേധയാ തരംതിരിച്ച് പീജിയൻ ഹോളുകളിൽ സ്ഥാപിക്കുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകൾ ആ കത്തുകളിൽ ഉണ്ടായിരുന്നു. ‘പാപ്പ ഫ്രാൻസെസ്കോ’ എന്ന് ലേബൽ ചെയ്ത വലിയ മഞ്ഞപ്പെട്ടികളിലായിരുന്നു തപാൽജീവനക്കാർ ഈ ‘സ്നേഹക്കത്തുകൾ’ അടുക്കിവച്ചിരുന്നത്. എല്ലാ ദിവസവും ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർ കത്തുകൾ ശേഖരിച്ച് പാപ്പ താമസിക്കുന്ന പത്താം നിലയിലെ ആശുപത്രി സ്യൂട്ടിൽ എത്തിച്ചിരുന്നു.
പാപ്പയുടെ ഏറ്റവും ദുർഘടമായ സാഹചര്യത്തിൽ അദ്ദേഹത്തെ അഭിസംബോധന ചെയ്ത് ലോകമെമ്പാടും നിന്നു കത്തുകൾ വരുന്നതു കാണുന്നത് ഹൃദയസ്പർശിയായ അനുഭവമാണ്. അതെല്ലാം അദ്ദേഹത്തോടുള്ള ലോകത്തിന്റെ വാത്സല്യത്തിന്റെയും പങ്കാളത്തത്തിന്റെയും മനോഹരമായ അടയാളമാണ്. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ച് വത്തിക്കാനിലേക്ക് നേരിട്ട് ഫോൺ വിളിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. അതെല്ലാം അറ്റൻഡ് ചെയ്യാനും കൃത്യമായ മറുപടി നൽകാനും അവിടെ സിസ്റ്റേഴ്സിനെയും നിയോഗിച്ചിരുന്നു.
“അച്ഛനെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരിക്കുന്ന കുട്ടികളെപ്പോലെയാണ് ഓരോ ഫോൺകോളും എടുക്കുമ്പോൾ ഞങ്ങൾക്ക് തോന്നാറുള്ളത്. അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കാൻ ഞങ്ങൾ അവരെ ഉപദേശിക്കുന്നു” – വത്തിക്കാനിലെ ഈ വിഭാഗത്തിന്റെ ചുമതലയുള്ള സിസ്റ്റർ ആന്റണി പറഞ്ഞത് ഇപ്രകാരമാണ്.
പരിശുദ്ധ പിതാവ് ഇത്രയും കാലം കൊണ്ട് ലോകത്തിനു നൽകിയ സ്നേഹത്തിന്റെ വലിയ മറുപടികളാണ് ഈ കത്തുകളിലൊക്കെയും ഉണ്ടായിരുന്നത്.
പോപ്പ് ഫ്രാൻസെസ്കോ, ലോകം നിങ്ങളെ അത്രയധികമായി സ്നേഹിച്ചു. ഇനിമുതൽ സ്വർഗവും.