ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 25

ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് 1915 മെയ് 25 നായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് അൽപം മാറി സബർമതി നദിക്കരയിലുള്ള കൊച്ചറാബ് എന്ന ഗ്രാമത്തിലാണ് ആശ്രമം ആദ്യം സ്ഥാപിക്കപ്പെട്ടത്. സത്യാഗ്രഹ ആശ്രമം എന്നപേരിലാണ് ആദ്യകാലങ്ങളിൽ ഇത് അറിയപ്പെട്ടിരുന്നത്. 1917 ൽ കൊച്ചറാബിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ആശ്രമം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. അഞ്ച് ചെറിയ മുറികളുള്ള കുടിലിന്റെ തുറന്ന വരാന്തയിലാണ് ഗാന്ധി ഉറങ്ങിയിരുന്നത്. തെക്കുഭാഗത്തുള്ള മുറികളിലൊന്നായിരുന്നു ഗാന്ധിയുടെ പഠനമുറി. അടുത്ത 15 വർഷങ്ങൾ ഗാന്ധിയുടെ ജീവിതപരീക്ഷണങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക-ആത്മീയകേന്ദ്രസ്ഥാനമായിരുന്നു സബർമതി.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടിവി പ്രേക്ഷകരുടെ പ്രിയ ടോക് ഷോ ആയിരുന്ന ഓപ്ര വിൻഫ്രി ഷോ അവസാനിച്ചത് 2011 മെയ് 25 നായിരുന്നു. തുടർച്ചയായി 25 വർഷം മുടങ്ങാതെ സംപ്രേക്ഷണം ചെയ്തശേഷമാണ് മിനി സ്ക്രീനിലെ ഇതിഹാസമായി മാറിയ ഓപ്ര വിൻഫ്രി വിടവാങ്ങിയത്. ലോകപ്രശസ്തമായ ഷോയ്ക്ക് അമേരിക്കയിൽ മാത്രം നാലരക്കോടി പ്രേക്ഷകരുണ്ടായിരുന്നു എന്നാണ് കണക്കുകൾ. മറ്റു ടിവി ടോക് ഷോകളെ അപേക്ഷിച്ച് തുറന്ന സംഭാഷണത്തിനുള്ള അന്തരീഷമാണ് വിൻഫ്രി ഷോയെ വ്യത്യസ്തമാക്കിയത്. സ്വകാര്യതകൾ വെളിപ്പെടുത്തുന്നതൊന്നും ടോക്ഷോയിൽ പങ്കെടുത്തവർക്ക് വിഷയമായില്ല. അന്തരിച്ച പോപ് രാജാവ് മൈക്കിൾ ജാക്സൻ പരസ്യമായി പൊട്ടിക്കരഞ്ഞതും ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് തന്റെ പ്രണയം വെളിപ്പെടുത്തിയതുമെല്ലാം വിൻഫ്രി ഷോയിലൂടെയായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നയും സ്വാധീനശക്തിയുമുളള കറുത്ത വർഗക്കാരിയായാണ് ഓപ്ര വിൻഫ്രി വിലയിരുത്തപ്പെടുന്നത്.

ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസുദ്യോഗസ്ഥൻ കൊലപ്പെടുത്തിയത് 2020 മെയ് 25 നാണ്. അമേരിക്കയിലെ മിനിയാപോളീസിലായിരുന്നു സംഭവം. ഫ്ലോയിഡ് സിഗരറ്റ് വാങ്ങിയപ്പോൾ നൽകിയ 20 ഡോളർ കള്ളനോട്ടായിരുന്നു എന്ന വിൽപനക്കാരന്റെ പരാതിയിൽ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനെ പ്രതിരോധിച്ച അദ്ദേഹം നിലത്ത് കമിഴ്ന്നുവീണപ്പോഴാണ് ഡെറിക് ഷോവിൻ എന്ന പൊലീസുകാരൻ ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ടുകളമർത്തി ഒൻപതു മിനിറ്റോളം നിന്നത്. സംഭവം കണ്ടുനിന്നവർ പകർത്തിയ വീഡിയോദൃശ്യങ്ങൾ ലോകമാകെ പ്രചരിച്ചു. മരിക്കുന്നതിനുമുമ്പായി ഫ്ലോയിഡ് പറഞ്ഞ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന വാചകം ആളുകൾ ഏറ്റെടുക്കുകയും വംശവെറിക്കെതിരെ ഇതേപേരിൽ വലിയ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തു. കൊലപാതകിയായ പൊലീസുകാരന് പിന്നീട് കോടതി ഇരുപത്തിരണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ചു.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.