
ഇറ്റാലിയൻ ഫാസിസ്റ്റ് ഏകാധിപതിയായിരുന്ന ബെനിറ്റോ മുസ്സോളിനി കൊല്ലപ്പെട്ടത് 1945 ഏപ്രിൽ 28 നാണ്. 1922 ഒക്ടോബറിലാണ് മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയാകുന്നത്. തുടർന്നുള്ള വർഷങ്ങളിൽ അധികാരം തന്നിലേക്കു കേന്ദ്രീകരിക്കുകയും ഏകാധിപതിയായി മാറുകയും ചെയ്തു. ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്. ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസ്സോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം അച്ചുതണ്ടുശക്തികളിൽ പങ്കാളിയായി മുസ്സോളിനി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കുചേർന്നു. മൂന്നുവർഷങ്ങൾക്കു ശേഷം സഖ്യകക്ഷികൾ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗവും കൈവശപ്പെടുത്തുകയും ചെയ്തു. 1945 ഏപ്രിൽ മാസത്തിൽ ഓസ്ട്രിയയിലേക്ക് രക്ഷപെടാൻ ശ്രമിക്കവെ കോമോ തടാകത്തിനടുത്ത് വച്ച് കമ്മ്യൂണിസ്റ്റ് ഗറില്ലകൾ മുസ്സോളിനിയെ പിടികൂടി വധിക്കുകയായിരുന്നു.
ആദ്യമായി ഒരാൾ ബഹിരാകാശ വിനോദസഞ്ചാരം നടത്തിയത് 2001 ഏപ്രിൽ 28 നാണ്. അമേരിക്കൻ വ്യവസായിയായിരുന്ന ഡെന്നീസ് ടിറ്റോയായിരുന്നു അത്. 1964 ൽ എഞ്ചിനീയറിംഗ് സയൻസ് പഠനം പൂർത്തിയാക്കി 1972 വരെ നാസയിൽ ഏയ്റോ സ്പേസ് എഞ്ചിനീയറായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം വ്യവസായത്തിലേക്കു ചുവടുമാറിയത്. 2001 ൽ 20 മില്യൺ ഡോളർ കൊടുത്ത് മിർ എന്ന റഷ്യൻ ബഹിരാകാശ നിലയത്തിലേക്ക് യാത്രചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി യൂറീ ഗഗാറിൻ ട്രെയിനിംഗ് സെന്ററിൽ പരിശീലനവും ആരംഭിച്ചിരുന്നു. എന്നാൽ മിർ നിലയം അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ആ യാത്ര മുടങ്ങി. അതിനു പകരമായി അതേ വർഷം ഏപ്രിൽ 28 ന് രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളോടൊപ്പം ടിറ്റോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തു. ആറുദിവസങ്ങളാണ് അവർ ബഹിരാകാശത്ത് ചെലവഴിച്ചത്. ഈ യാത്രയ്ക്കു ശേഷമാണ് സ്പേസ് ടൂറിസ്റ്റ്, സ്പേസ് ഫ്ളൈറ്റ് പാർട്ടിസിപ്പന്റ് എന്നീ വാക്കുകൾ ഉപയോഗിച്ചു തുടങ്ങിയത്.
ആപ്പിൾ, ഐട്യൂൺസ് മ്യൂസിക് സ്റ്റോർ അവതരിപ്പിച്ചത് 2003 ഏപ്രിൽ 28 നായിരുന്നു. പാട്ടൊന്നിന് 99 സെന്റ് പ്രകാരം പാട്ടുകൾ വാങ്ങാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്ന ഓൺലൈൻ മ്യൂസിക് സ്റ്റോറാണ് ഐ – ട്യൂൺസ്. ബി എം ജി, ഇ എം ഐ, സോണി മ്യൂസിക് എന്റർടെയിൻമെന്റ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള രണ്ടു ലക്ഷത്തോളം പാട്ടുകളാണ് തുടക്കത്തിൽ ഐ-ട്യൂണിലുണ്ടായിരുന്നത്. പാട്ടുകളുടെ 30 സെക്കന്റ് ദൈർഘ്യമുള്ള ഹൈക്വാളിറ്റി പ്രിവ്യൂ കേൾക്കാനും ഐട്യൂൺസിൽ സൗകര്യമുണ്ടായിരുന്നു. 128 കിലോബൈറ്റ് പെർ സെക്കന്റുള്ള എ എ സി ഫോർമാറ്റിലാണ് പാട്ടുകൾ എൻകോഡ് ചെയ്തിരിക്കുന്നത്. ഇത് കുറഞ്ഞ ഫയൽ സൈസിൽ ഗുണനിലവാരമുള്ള ഓഡിയോ ഫയലുകൾ വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നു.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.