ആത്മീയതയിൽ വളരാൻ സഹായിക്കും ഈ മൂന്നു ശീലങ്ങൾ

ദൈവത്തെ തേടിയുള്ള, ദൈവത്തിങ്കലേക്കുള്ള യാത്രയാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. അതിനാൽ തന്നെ അനുദിനം ആത്മീയതയിലേക്ക് വളരേണ്ടത് ആവശ്യമാണ്. എന്നാൽ നമ്മുടെയൊക്കെ ആത്മീയജീവിതം പലപ്പോഴും ഏറ്റക്കുറച്ചിലുകൾക്കും ഉയർച്ചതാഴ്ചകൾക്കും വിധേയമായിരിക്കും. ചില സമയം ആത്മീയമായ ഒരു മരവിപ്പ് നമ്മെ മൂടാം. പ്രാർത്ഥനാജീവിതത്തിൽ താൽക്കാലികമായ ഒരു മന്ദതക്ക് ഇത് കാരണമാകാം. എന്നാൽ അൽപം ഒന്ന് പരിശ്രമിച്ചാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാം. അതിനു സഹായിക്കുന്ന മൂന്നു ശീലങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഈ ശീലങ്ങൾ അനുദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ നമുക്ക് ആത്മീയതയിൽ കൂടുതൽ ശക്തമായി മുന്നേറാൻ കഴിയും.

1 . ആത്മശോധന അല്ലെങ്കിൽ ധ്യാനം

ഓരോ ദിവസവും വൈകുന്നേരം അല്ലെങ്കിൽ എഴുന്നേറ്റ ഉടനെ ധ്യാനിക്കുന്നതും ഈശ്വരചിന്ത മനസിലേക്ക് കൊണ്ടുവരുന്നതും നമ്മുടെ ആത്മീയജീവിതത്തെ ഒരുപാട് സഹായിക്കും. അതിരാവിലെ എഴുന്നേറ്റ് അന്ന് നമുക്ക് ചെയ്തുതീർക്കേണ്ട കാര്യങ്ങളിലൂടെ ഒന്ന് മനസോടിക്കാം. ആ ഉത്തരവാദിത്വങ്ങളിലേക്ക് ദൈവസഹായം യാചിക്കാം. ദൈവം നമ്മുടെ കൂടെയുണ്ട് എന്ന് ആവർത്തിച്ച് മനസിൽ പറയാം. അതുപോലെ തന്നെ വൈകുന്നേരവും ഇപ്രകാരം ആവർത്തിക്കാം.

അന്നേ ദിവസം തങ്ങളെ പരിപാലിച്ചതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയാം. ഒപ്പം നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിച്ച നന്മകളെയും ഓർത്ത് നന്ദി പറയാം. കൂടാതെ ഈ സമയം നമ്മെ അലട്ടുന്ന പല പ്രശ്നങ്ങളും നമ്മുടെ മനസിലേക്ക് ഓടിയെത്താം. അത് നമ്മെ, ദൈവത്തെ കുറ്റപ്പെടുത്തുന്നതായ ഒരു സാഹചര്യത്തിലേക്ക് എത്തിക്കുന്നതിന് സാധ്യതയുണ്ട്. എന്നാൽ ദൈവത്തിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് ഈ സാഹചര്യത്തെ നേരിടാം.

2 . ജപമാല ചൊല്ലാം

പരിശുദ്ധ അമ്മയോട് ചേർന്നു നിന്നുകൊണ്ട് ഈശോയോടുള്ള ഒരു പ്രാർത്ഥനയാണ് ജപമാല. നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ നിറയുമ്പോൾ ജപമാല പ്രാർത്ഥന ചൊല്ലാം. ജപമണികളിൽ നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും സംശയങ്ങളും ചേർത്തുവയ്ക്കാം. നമ്മുടെ ആത്മീയപ്രതിസന്ധികളിൽ ഒരു ഉത്തരം നൽകാൻ മാതാവിലൂടെ ഈശോക്ക് കഴിയും. അതിനാൽ ആത്മീയമന്ദിപ്പ് അനുഭവപ്പെടുമ്പോൾ ജപമാല കൈകളിലെടുക്കാം.

3 . ദിവ്യകാരുണ്യ ആരാധന

പറ്റുന്ന സമയങ്ങളിലെല്ലാം ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നത് ഒരു നല്ല ആത്മീയാഭ്യാസമാണ്. ദിവ്യകാരുണ്യ സന്ദർശനം നമ്മെ അനുദിന ജീവിതത്തിൽ ദൈവത്തോട് ചേർന്നു നിൽക്കാൻ സഹായിക്കും. ഒപ്പം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ നിനക്ക് ഓടിയണയാൻ ഒരു അഭയമുണ്ടെന്നു ദിവ്യകാരുണ്യനാഥൻ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. തിന്മയുടെ ശക്തികൾ നമ്മുടെ അന്തരംഗത്തിൽ ഇരുൾ നിറക്കുമ്പോൾ അവയെ ഉന്മൂലനം ചെയ്യാനും പ്രലോഭനങ്ങളെ അതിജീവിക്കാനും ദിവ്യകാരുണ്യ സന്ദർശനങ്ങൾ നമ്മെ സഹായിക്കും. അതിനാൽ അടുക്കലടുക്കലുള്ള ദിവ്യകാരുണ്യ സന്ദർശനങ്ങൾ നമ്മുടെ അനുദിന ജീവിതത്തിൽ ഒരു ശീലമാക്കേണ്ടത് ആവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.