ക്രൈസ്തവരെ കണ്ണീരിലാഴ്ത്തി നൈജീരിയയിൽ വീണ്ടും ആക്രമണം: മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ കടുന സംസ്ഥാനത്ത് ക്രൈസ്തവ ദൈവാലയത്തിൽ വീണ്ടും ആയുധധാരികളുടെ ആക്രമണം. ജൂൺ 19- ന് നടന്ന ആക്രമണത്തിൽ മൂന്ന് പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തിട്ടുണ്ട്‌. സംസ്ഥാന ആഭ്യന്തര സുരക്ഷാ കമ്മീഷണർ സാമുവൽ അരുവൻ മാധ്യമപ്രവർത്തകർക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ആയുധധാരികൾ കടുനയിലെ രണ്ട് ദേവാലയങ്ങളും നിരവധി ഗ്രാമങ്ങളും ആക്രമിച്ചിരുന്നു. ഉങ്‌വാൻ ഫഡ, ഉങ്‌വാൻ തുരാവ, ഉങ്‌വാൻ മകാമ, റുബു എന്നീ പ്രദേശങ്ങളിലാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്. റിപ്പോർട്ട് അനുസരിച്ച്, ആയുധധാരികൾ മോട്ടോർ സൈക്കിളുകളിലാണ് ഗ്രാമങ്ങളിൽ എത്തിയത്. റുബു ഗ്രാമത്തിലെ മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയവും സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും ഇവർ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. നിരവധി പേരെ ആക്രമികൾ തട്ടിക്കൊണ്ടുപോയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമികൾ പ്രദേശങ്ങളിലെ കടകൾ കൊള്ളയടിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയും ചെയ്‌തു. കടുന സംസ്‌ഥാനത്തിന്റെ ഗവർണർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.