ബ്രസീലിൽ ദൈവാലയം അതിക്രമിച്ച് തിരുവോസ്തി മോഷ്ടിച്ചു

ബ്രസീലിൽ അജ്ഞാതർ വിശുദ്ധ കുർബാനയെ അപകീർത്തിപ്പെടുത്തുകയും തിരുവോസ്തി മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ വേദനയോടെ വിശ്വാസികൾ. മാസിഡോയിലെ (ബ്രസീൽ) ഔവർ ലോർഡ് ഓഫ് ബോൺഫിമിന്റെ ഇടവകയിലാണ് സംഭവം. അജ്ഞാതരായ ആളുകൾ ഓഗസ്റ്റ് ഒൻപതാം തീയതി ദൈവാലയത്തിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറുകയും വിശുദ്ധ കുർബാനയെ അപകീർത്തിപ്പെടുത്തുകയും തിരുവോസ്തികൾ അടങ്ങിയ കാസ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു.

ദൈവാലയത്തിൽ മതപരമായ വസ്തുക്കൾക്കും ഫർണ്ണീച്ചറുകൾക്കും കേടുപാടുകൾ വരുത്തിയതായി ഇടവക വികാരി ഫാ. ജോസ് കെർമസ് മാർട്ടിൻസ് പ്രസ്താവനയിൽ അറിയിച്ചു. “ഇത് നശീകരണ പ്രവൃത്തി മാത്രമല്ല, വിശുദ്ധ കുർബാനയെ അപകീർത്തിപ്പെടുത്തുന്ന വിധ്വേഷകരമായ ഒരു പ്രവർത്തി കൂടിയാണ്. ആക്രമികൾ സക്രാരി തകർക്കുകയും വിശുദ്ധ കുർബാനയെ അപമാനിക്കുകയും ചെയ്തു. നമ്മുടെ പള്ളികളിൽ, ഈ ഇടവകയിൽ, ചെറിയ മോഷണങ്ങളോടെയുള്ള ഇത്തരം അതിക്രമങ്ങൾ പതിവായി നടക്കുന്നു. അതിനാൽ തന്നെ വെറും ഒരു മോഷണമായി ഇതിനെ കണക്കാക്കാൻ കഴിയില്ല,”- ഫാ. ജോസ് വ്യക്തമാക്കി.

കാസയും മറ്റു വിശുദ്ധ വസ്തുക്കൾക്കും ഒപ്പം നിലത്ത് കിടക്കുന്ന വിശുദ്ധ കുർബാനയുടെ ചിത്രങ്ങൾ ഇടവക പുറത്തു വിട്ടു. ദിവ്യകാരുണ്യത്തിനു നേരെയുള്ള തുടർ അതിക്രമങ്ങളിൽ വിശ്വാസികൾ ആശങ്കാകുലരും അസ്വസ്ഥരും ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.