
ദൈവശാസ്ത്ര പഠനം കേവലം അക്കാദമിക് ബിരുദങ്ങൾ നേടുന്നതിനോ പണ്ഡിതനാകുന്നതിനോ വേണ്ടിയുള്ളതല്ല. മറിച്ച്, സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തെ മുന്നോട്ട് നയിക്കാനുള്ളതാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇറ്റലിയിലെ ‘തിയോളജിക്കൽ ഫാക്കൽറ്റി ഓഫ് അപുലിയ’, ‘തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാലാബ്രിയ’ എന്നിവിടങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പ.
ഭയമില്ലാതെ പുതിയ ചക്രവാളങ്ങൾ തേടി യാത്ര ചെയ്യാനും, ആധുനിക ലോകത്തിന്റെ ഭാഷയിൽ സുവിശേഷം പ്രസംഗിക്കാനും ദൈവശാസ്ത്രജ്ഞർ തയ്യാറാകണമെന്ന് ലെയോ പാപ്പ പറഞ്ഞു. പഠനകേന്ദ്രങ്ങൾ തമ്മിലുള്ള സഹകരണം സഭയിലെ ഐക്യത്തിന്റെ അടയാളമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം സഭയുടെ പൊതുവായ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ദക്ഷിണ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മ, കുടിയേറ്റം തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ദൈവശാസ്ത്ര പഠനം സഹായിക്കണമെന്നും പ്രത്യാശയുടെ പ്രവാചകരാകാനും പാപ്പ വിദ്യാർഥികളോട് ആവശ്യപ്പെട്ടു.




