സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾ ഒരു ഭൂതോച്ഛാടകൻ കൂടിയാണ്

സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളാണ് 47-കാരനായ ജോർജിയോ മാരെങ്കോ. മംഗോളിയയിൽ മിഷനറി ബിഷപ്പായി പ്രവർത്തിക്കുന്ന ഇദ്ദേഹം ആഗസ്റ്റ് 27-ന് ഔദ്യോഗികമായി, സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായി ഉയർത്തപ്പെടും. ഇറ്റലിക്കാരനായ ഈ വൈദികന്റെ മറ്റൊരു പ്രത്യേകത എന്നത്, ഇദ്ദേഹം 20 വർഷത്തിലധികമായി സഭയിലെ ഭൂതോച്ഛാടകനുമായിരുന്നു എന്നതാണ്.

കത്തോലിക്കാ സഭ ഔദ്യോഗികമായി ഭൂതോച്ഛാടനം നിർവ്വഹിക്കാൻ അനുവാദം നൽകിയിട്ടുള്ള ഏതാനും പേരിലൊരാളാണ് ബിഷപ്പ് ജോർജിയോ. 20 വർഷത്തിലധികമായി അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മംഗോളിയയിൽ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസികളാകാൻ തീരുമാനിക്കുന്നവർ പിന്നീടുള്ള ദിവസങ്ങളിൽ ധാരാളം പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നു തന്നെ സാത്താന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാണ്. പലപ്പോഴും അവർ വിശ്വാസം ഉപേക്ഷിക്കാനും തീരുമാനം പിൻവലിക്കാനും നിർബന്ധിതരാകുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് ഭൂതോച്ഛാടനത്തിന്റെയും ഭൂതോച്ഛാടകന്റെയും ആവശ്യം വരുന്നത്. തിന്മയുടെ ആക്രമണങ്ങളിൽ നിന്ന് അവരെ രക്ഷിക്കാനും ക്രിസ്തുവിനു വേണ്ടി അവരെ നേടാനും ബിഷപ്പ് ജോർജിയോ പ്രവർത്തിക്കുന്നുണ്ട്.

തിന്മയുടെ ശക്തികളെ നേരിടാൻ ബിഷപ്പ് ജോർജിയോ അഞ്ച് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. അവ ചുവടെ ചേർക്കുന്നു.

1. തിന്മക്കെതിരെയുള്ള ഏറ്റവും വലിയ ആയുധം പ്രാർത്ഥനയാണ്. അതോടൊപ്പം ദിവ്യകാരുണ്യ ആരാധനയും ജപമാലയും സാത്താനെതിരെയുള്ള ശക്തമായ ആയുധങ്ങളാണ്.

2. തിന്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവയെ എങ്ങനെ നേരിടണമെന്നും വിശ്വാസികൾ ബോധവാന്മാരായിരിക്കണം.

3. സാത്താനിക പ്രവർത്തനങ്ങൾ എന്ന് സംശയം തോന്നുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നു ചോദിക്കുക.

4. ആവശ്യമുള്ള സന്ദർഭങ്ങളിൽ ഭൂതോച്ഛാടനം നടത്തുക.

5. ആത്മീയമേഖലയെക്കുറിച്ചും തിന്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വൈദികരെയും സന്യാസിനികളെയും പഠിപ്പിക്കുക.

എല്ലാ വർഷവും റോമിൽ നടക്കുന്ന ഭൂതോച്ഛാടനത്തെയും വിമോചന പ്രാർത്ഥനയെയും കുറിച്ചുള്ള കോഴ്‌സിലെ പ്രധാന പ്രഭാഷകനാണ് ബിഷപ്പ് ജോർജിയോ. മുൻപ് അദ്ദേഹം ഇതേ കോഴ്സിലെ വിദ്യാർത്ഥിയായിരുന്നു. ഒരിക്കൽ ഭൂതോച്ഛാടന മേഖലയിലെ ബിഷപ്പിന്റെ സ്‌ഥാനത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു. അക്രൈസ്തവർ പോലും തങ്ങളെ സാത്താന്റെ ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യപ്പെട്ട് ഭൂതോച്ഛാടകരെ സമീപിക്കാറുണ്ടത്രേ. അതിനർത്ഥം അവരും തിന്മയുടെ ശക്തികളുടെ മേലുള്ള ക്രിസ്തുവിന്റെ അധികാരം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്.

“സാത്താൻ ദൈവമക്കളും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെ തകർക്കുന്നു. എന്നാൽ കത്തോലിക്കാ സഭ കൂദാശകളിലൂടെയും സുവിശേഷത്തിലൂടെയും ആ ബന്ധത്തെ ജീവസുറ്റതാക്കുന്നു” – ബിഷപ്പ് പറയുന്നു.

സാധാരണ, സഭയിൽ കർദ്ദിനാൾമാരായിരിക്കുന്നവരുടെ പ്രായം 60 വയസിനു മുകളിലാണ്. എന്നാൽ ഇത്തവണ ഫ്രാൻസിസ് പാപ്പാ വളരെ വ്യത്യസ്തമായ ഒരു തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, ബിഷപ്പ് ജോർജിയോ സേവനം ചെയ്യുന്ന മംഗോളിയയിൽ കത്തോലിക്കരുടെ എണ്ണം നന്നേ കുറവാണ്. “എന്നെ സംബന്ധിച്ചിടത്തോളം, ഈ പുതിയ വിളിയിൽ ജീവിക്കുക എന്നതിനർത്ഥം എളിമയുടെയും വിശുദ്ധിയുടെയും പാതയിൽ തുടരുക എന്നതാണ്” – ബിഷപ്പ് ജോർജിയോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.