ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ 120 പുൽക്കൂടുകൾ പ്രദർശനത്തിന്

റോമിലെത്തുന്ന സന്ദർശകർക്കായി 120 ഓളം പുൽക്കൂടുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രദർശിപ്പിക്കും. സന്ദർശകർക്ക് സൗജന്യമായി ഈ പുൽക്കൂടുകൾ കാണാൻ കഴിയുമെന്ന് സുവിശേഷവൽക്കരണ വകുപ്പ് അറിയിച്ചു. ലോകമെമ്പാടുമുള്ള വ്യത്യസ്ത കലാകാരന്മാർ നിർമ്മിച്ച ‘വത്തിക്കാനിലെ നൂറ് പുൽക്കൂടുകൾ’ എന്ന അന്താരാഷ്ട്ര പ്രദർശനത്തിന്റെ അഞ്ചാം ഘട്ടമാണിത്.

ഡിസംബർ എട്ടു മുതൽ, ക്രിസ്തുമസ് സീസൺ അവസാനിക്കുന്ന 2023 ജനുവരി എട്ടുവരെ ഈ പുൽക്കൂടുകൾ സന്ദർശകർക്കായി തുറന്നിരിക്കും. ഉക്രെയ്ൻ, വെനിസ്വേല, തായ്‌വാൻ, ഗ്വാട്ടിമാല എന്നിവയുൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 120 പുൽക്കൂടുകളാണ് ഈ വർഷം പ്രദർശിപ്പിക്കുന്നത്.
‘വത്തിക്കാനിലെ 100 പുൽക്കൂടുകൾ’ എന്ന പ്രദർശനം ഡിസംബർ 24-നും 31-നും ഒഴികെ എല്ലാ ദിവസവും രാവിലെ 10:00 മുതൽ വൈകുന്നേരം 7:30 വരെ സന്ദർശിക്കാം.

ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക്‌ ബിഷപ്പ് റിനോ ഫിസിഷെല്ലയുടെ അധ്യക്ഷതയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുമെന്ന്‌ വത്തിക്കാൻ പ്രസ്‌താവനയിൽ പറയുന്നു. ഉക്രേനിയൻ എംബസിയിൽ നിന്ന് ഹോളി സീയിലേക്കുള്ള ഒരു പ്രതിനിധി സംഘവും ഉക്രേനിയൻ കമ്മ്യൂണിറ്റിയിലെ ചില അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.