2022 ഡിസംബറിലും 2023 ജനുവരിക്കും ഇടയിലുള്ള ക്രിസ്തുമസ് കാലത്ത് ഫ്രാൻസിസ് പാപ്പാ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടികളുടെ കലണ്ടർ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഡിസംബർ 24- ന് ശനിയാഴ്ച വൈകുന്നേരം 7.30- ന് (റോം സമയം) സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ ക്രിസ്തുമസ് വിശുദ്ധ കുർബാനക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകും.
ഡിസംബർ 25- ന് ഞായറാഴ്ച ഉച്ചയ്ക്ക്, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ ‘ഉർബി എറ്റ് ഓർബി’ (റോം നഗരത്തിനും ലോകത്തിനും) ആശീർവാദം നൽകുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്യും. ഡിസംബർ 31- ന് പരിശുദ്ധ ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ, വത്തിക്കാൻ ബസിലിക്കയിൽ വൈകുന്നേരം അഞ്ചു മണിക്ക് കഴിഞ്ഞ വർഷത്തിൽ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ച് പ്രത്യേക പ്രാർത്ഥന നടത്തും.
2023 ജനുവരി ഒന്നിന്, പരിശുദ്ധ ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ ആഘോഷവും 56-ാമത് ലോക സമാധാനദിനവും അനുസ്മരിക്കുന്നു. വത്തിക്കാൻ ബസിലിക്കയിൽ രാവിലെ പത്തു മണിക്ക് പരമ്പരാഗത കുർബാനയിൽ മാർപാപ്പ അദ്ധ്യക്ഷത വഹിക്കും. ജനുവരി ആറിന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എപ്പിഫനി തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന പാപ്പാ അർപ്പിക്കും.
കർത്താവിന്റെ മാമ്മോദീസയുടെ തിരുനാളായ ജനുവരി എട്ടാം തീയതി രാവിലെ 9.30- ന് സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ അദ്ധ്യക്ഷത വഹിക്കുകയും വത്തിക്കാൻ ജീവനക്കാരുടെ മക്കളായ ചില കുട്ടികൾക്ക് മാമ്മോദീസ നൽകുകയും ചെയ്യും.