
റഷ്യൻ തടവിൽ കൊല്ലപ്പെട്ട ഉക്രൈൻ മാധ്യമപ്രവർത്തകയായ വിക്ടോറിയ റോഷ്ചിന (27) തടങ്കലിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് റിപ്പോർട്ട്. ‘അജ്ഞാതപുരുഷൻ’ എന്ന് ലേബൽ ചെയ്ത ഒരു ബോഡിബാഗിലെത്തിയ മൃതശരീരത്തിൽ നടത്തിയ കൂടുതൽ പരിശോധനയിലാണ് വിക്ടോറിയ റോഷ്ചിനയുടെ മൃതശരീരമാണ് അതെന്ന് മനസ്സിലാകുന്നത്. തലച്ചോറ്, നേത്രഗോളങ്ങൾ, ശ്വാസനാളം എന്നിവ നഷ്ടപ്പെട്ട നിലയിലാണ് മൃതശരീരമുള്ളത്.
ശരീരത്തിനേറ്റ പരിക്കുകളും മറ്റും സൂചിപ്പിക്കുന്നത്, റോഷ്ചിന അനുഭവിച്ചത് കൊടിയ പീഡനമായിരുന്നു എന്നാണ്. ശരീരത്തിൽ മർദനമേറ്റതിന്റെയും വൈദ്യുതാഘാതമേൽപിച്ചതിന്റെയും വ്യക്തമായ അടയാളങ്ങളുണ്ട്. കൂടാതെ ആന്തരികാവയവങ്ങൾ നഷ്ടമായ നിലയിലുമാണ്. ജീവനോടെയുള്ള സമയത്തു തന്നെയാണ് റോഷ്ചിന ആക്രമണങ്ങൾ നേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കാണാതായ റോഷ്ചിന മരിച്ചതായി ഫെബ്രുവരിയിലാണ് വാർത്തകൾ പുറത്തുവരുന്നത്. മരണകാരണം കണ്ടെത്താതിരിക്കാനായുള്ള റഷ്യൻ ശ്രമമാണ് ഇത്രയധികം ക്രൂരതയ്ക്കു പിന്നിലെന്നാണ് ഉക്രൈൻ ആരോപിക്കുന്നത്.
2023 ലാണ് വിക്ടോറിയ റോഷ്ചിനയെ കാണാതാവുന്നത്. മകളെ കാണാതായ വിവരം ആദ്യമായി പുറത്തറിയിക്കുന്നത് റോഷ്ചിനയുടെ പിതാവായിരുന്നു. 2024 സെപ്തംബറിലാണ് റോഷ്ചിനയെക്കുറിച്ചുള്ള വിവരം റഷ്യയിൽ നിന്നു ലഭിക്കുന്നത്. മോസ്കോയിലെ കുപ്രസിദ്ധമായ ടാഗനോർഗിലെ തടവുകേന്ദ്രത്തിൽ വച്ചാണ് റോഷ്ചിന മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.