സ്തോത്രഗീതം ആലപിച്ചും മണികൾ മുഴക്കിയും ദേവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷിക്കും

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പരിശുദ്ധ ഫ്രാൻസിസ് പാപ്പ നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനക്കു ശേഷം നന്ദിസൂചകമായി സ്തോത്രഗീതം ആലപിക്കണമെന്നും അന്നു തന്നെ ഉച്ചകഴിഞ്ഞ് 2.30-ന് ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും അടയാളമായി കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മിനിറ്റ് സമയത്തേക്ക് പള്ളിമണികൾ മുഴക്കണമെന്നും സർക്കുലർ.

ഇതു കൂടാതെ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന അതേ ദിവസം തന്നെ വൈകുന്നേരം അഞ്ചു മണിക്ക് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി ഉണ്ടായിരിക്കുമെന്നും അറിയിച്ചു. രക്തസാക്ഷിയായ ദൈവസഹായം എന്ന പുണ്യാത്മാവിന്റെ ജീവിതത്തെക്കുറിച്ചും കൊടുംപീഡനങ്ങളുടെയും കഠിനയാതനകളുടെയും മധ്യേ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം അവസാനശ്വാസം വരെയും ധീരതയോടെ പ്രഘോഷിച്ച ഉജ്ജ്വലമാതൃകയെക്കുറിച്ചും നാമെല്ലാവരും പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങൾ ആഴത്തിൽ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത സഭാജനത പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന മെയ് 15-ന് ഇറ്റാലിയൻ സമയം രാവിലെ പത്തു മണിക്കാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്തുക.

ഇതിനോടനുബന്ധിച്ച് ഭാരതസഭ ദേശീയതലത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്. കോട്ടാർ രൂപതയിൽ പ്രവർത്തിച്ചുവരുന്ന വിശുദ്ധ നാമകരണ കമ്മിറ്റിയോടു സഹകരിച്ച് സി.സി.ബി.ഐ ദേശീയ ക്വിസ് മത്സരവും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ, കോളേജ്- യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, പൊതു-യുവജനങ്ങൾ, വിവാഹിതരായ അത്മായർ എന്നീ വിഭാഗങ്ങൾക്കായി ദേശീയ ലേഖനമത്സരവും സംഘടിപ്പിക്കുന്നു.

മഹാമാരി സമയത്ത് ദേശീയതലത്തിൽ നടത്തപ്പെട്ട തിരുമണിക്കൂറിനു സമാനമായി 2022 ജൂൺ 24 വെള്ളിയാഴ്ച തിരുഹൃദയ തിരുനാൾ ദിനത്തിൽ ഒരു മണിക്കൂർ വിദേശത്തും സ്വദേശത്തും ആയിരിക്കുന്ന എല്ലാവരും സംയുക്തമായി പ്രാർത്ഥനാമണിക്കൂർ ആചരിക്കണമെന്ന് നിർദ്ദേശം നൽകി. വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2022 ജൂൺ അഞ്ചിന് വൈകിട്ട് 4 മണിക്ക് ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്താൽ പാവനമാക്കപ്പെട്ട സ്ഥലത്ത് കോട്ടാർ, കുഴിത്തുറ രൂപതകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദേശീയ കൃതജ്ഞതാ ആഘോഷങ്ങളിൽ ഭാരതസഭയും പങ്കുചേരുമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻസമിതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ അറിയിച്ചു.

കടപ്പാട്: ArchTVMNEWS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.