
ചരിത്രത്തിലുടനീളം, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പാപ്പ മാർപാപ്പയുടെ വസ്ത്രങ്ങൾ ധരിക്കുന്നതിനായി സിസ്റ്റൈൻ ചാപ്പലിന്റെ തൊട്ടടുത്തുള്ള മുറിയിലെത്തുന്നു. ‘ദി റൂം ഓഫ് റ്റിയേഴ്സ്’ എന്നാണ് ഈ മുറി അറിയപ്പെടുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പ, ഒരു കർദിനാളിന്റെ ചുവന്ന വസ്ത്രങ്ങളിൽ നിന്നും ഒരു പോപ്പിന്റെ വെളുത്ത വസ്ത്രങ്ങളിലേക്കു മാറുന്ന ഈ ചെറിയ മുറി ‘കണ്ണീരിന്റെ മുറി’ (The Room of Tears) എന്നാണ് അറിയപ്പെടുന്നത് (ഇറ്റാലിയൻ ഭാഷയിൽ ‘സ്റ്റാൻസ ഡെല്ലെ ലാക്രിം’).
സിസ്റ്റൈൻ ചാപ്പലിൽനിന്ന് ഏതാനും അടി അകലെയാണ് ഈ മുറി. മാർപാപ്പ തിരഞ്ഞെടുപ്പിന്റെ ചരിത്രപ്രധാനമായ തീരുമാനമെടുക്കുന്നത് അവിടെനിന്നാണ്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയാൾ തന്റെ റോൾ ഏറ്റെടുക്കുകയും അങ്ങനെ കോൺക്ലേവ് അവസാനിപ്പിക്കുകയും ചെയ്തശേഷം, കർദിനാൾ ഡീൻ അദ്ദേഹത്തോട് അദ്ദേഹത്തിന്റെ പേപ്പൽ പേര് എന്തായിരിക്കുമെന്നു ചോദിക്കുന്നു. തീരുമാനത്തിനുശേഷം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയ്ക്ക് ഈ മുറിയിൽ കുറച്ചു നിമിഷങ്ങൾ ചിലവഴിക്കാം. അവിടെവച്ച് പുതിയ പാപ്പ തന്റെ വെളുത്ത പേപ്പൽ വസ്ത്രങ്ങൾ ധരിക്കുന്നു. അതിനു ശേഷമാണ് ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്യുന്നത്.
പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്ന വേളയിൽ ഈ മുറിയിൽ മൂന്നു വലുപ്പത്തിലുള്ള പേപ്പൽ വസ്ത്രങ്ങൾ – ചെറുത്, ഇടത്തരം, വലുത് – കൂടാതെ പേപ്പൽ ഷൂസുള്ള പെട്ടികളും ഒരുക്കിയിട്ടുണ്ട്.