കത്തോലിക്കാ രൂപതയുടെ ബാങ്ക് അക്കൗണ്ടുകൾ രാജ്യവ്യാപകമായി മരവിപ്പിച്ച് ഒർട്ടേഗ ഭരണകൂടം

നിക്കരാഗ്വയിൽ ക്രൈസ്തവർക്കു നേരെ വീണ്ടും അടിച്ചമർത്തലുകളുമായി ഒർട്ടേഗ ഭരണകൂടം. മോഷണം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കത്തോലിക്കാ സഭയെ അടിച്ചമർത്തുന്ന ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചു.

ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ബാങ്കിംഗ് റെഗുലേറ്റർ നിക്കരാഗ്വൻ ബിഷപ്പുമാരുടെ കോൺഫറൻസിനും മനാഗ്വയിലെ കർദ്ദിനാൾ ലിയോപോൾഡോ ബ്രെനിനും കൈമാറി. രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലെ ഫണ്ടുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ആരോപിച്ചുകൊണ്ടാണ് കത്തോലിക്കാ സഭക്കു നേരെ പുതിയ അതിക്രമം ഒർട്ടേഗ ഭരണകൂടം നടത്തുന്നത്.

നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായും ഒപ്പം വിദേശഫണ്ട് സ്വീകരിച്ചതായുള്ള ആരോപണങ്ങളും കാണിച്ചുകൊണ്ടാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്ന് രൂപതാധികൃതർക്കു കൈമാറിയ പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു. പ്രസ്താവനയിൽ പ്രത്യേക രൂപതകളെയോ, സഭാസംഘടനകളെയോ വെളിപ്പെടുത്തിയിട്ടില്ല. മനാഗ്വ അതിരൂപത ഉൾപ്പെടെ രാജ്യത്തുടനീളമുള്ള രൂപതകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി നിക്കരാഗ്വൻ മാധ്യമങ്ങളും വെളിപ്പെടുത്തുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് സഭാശുശ്രൂഷകളെയും ഇടവകകളുടെ പരിപാലനത്തെയും സങ്കീർണ്ണമാക്കുന്നു.

എസ്റ്റെലി രൂപതയിലാണ് ആദ്യമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച റിപ്പോർട്ട് സ്ഥിരീകരിച്ചത്. ഈ രൂപതയിലാണ് തടവിലാക്കപ്പെട്ട മതഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തിരുന്നത്. ഈ നടപടികൾ ക്രൂരതയാണെന്നും, പ്രത്യേകിച്ച് ആവശ്യമായ പണം നൽകാതെ കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് ഇതെന്നും നാടുകടത്തപ്പെട്ട വൈദികൻ ആരോപിച്ചു. ഇതു കൂടാതെ വൈദികരെയും മറ്റും സഹായിക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തുന്ന പ്രവണതകളും കണ്ടുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.