ലോകത്തു ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഒരു കത്തോലിക്കാ സന്യാസിനിയാണന്നറിയാമോ?

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാൻകാരി കെയ്ൻ തനക 2022 ഏപ്രിൽ പത്തൊമ്പതാം തീയതി 119- മത്തെ വയസ്സിൽ നിര്യാതയായി. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രഞ്ചുകാരിയായ ഒരു കത്തോലിക്കാ സന്യാസിനിയാണ്: സിസ്റ്റർ ആൻഡ്രേ.

1904 ഫെബ്രുവരി പതിനൊന്നിനു ജനിച്ച സി. ആൻഡ്രേയുടെ പൂർവ്വാശ്രമത്തിലെ നാമം ലൂസിലെ റാണ്ടൻ (Lucile Randon) എന്നായിരുന്നു. ഗിന്നസ് വേൾഡ് റെക്കോൾഡസ് (Guinness World Records ) അനുസരിച്ച് ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി സിസ്റ്റർ ആൻഡ്രേ 118 വർഷവും 73 ദിവസവുമായി ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തീർന്നിരിക്കുന്നു. പത്തൊമ്പതാം വയസ്സിൽ 1923- ലാണ് ലൂസിലേ ജ്ഞാനസ്നാനം സ്വീകരിച്ചത്. ഉപവിയുടെ പുത്രിമാർ (ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ) എന്ന സന്യാസ സഭയിൽ 1944 മുതൽ അംഗമായ സിസ്റ്റർ 2017 ഒക്ടോബർ മുതൽ ഏറ്റവും പ്രായം കൂടിയ ഫ്രഞ്ചു വനിതയും 2019 ജൂൺ മുതൽ പ്രായം കൂടിയ യുറോപ്യൻ സ്ത്രീയുമാണ്. ജീവിതകാലത്തു പത്തു മാർപാപ്പമാരെ അനുഭവിക്കാനുള്ള ഭാഗ്യം സി.ആൻഡ്രേയ്ക്കു കൈവന്നു.

ചെറുപ്പക്കാലത്തു അധ്യാപികയായി ജോലി നോക്കിയ സിസ്റ്റർ രണ്ടാം ലോക മഹായുദ്ധാനന്തരം യുദ്ധത്തിൻ്റെ കെടുതികൾ അനുഭവച്ച കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി ജീവിതം മാറ്റിവച്ചു. കത്തോലിക്കാ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന സന്യാസിനികൂടിയാണ് സിസ്റ്റർ ആൻഡ്രേ. കോവിഡ് 19 മഹാമാരിയെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയും സിസ്റ്റർ ആൻഡ്രേ തന്നെ.

1918- ലെ സ്പാനീഷ് ഫ്ലൂ മഹാമാരിയെ അതിജീവിച്ച സിസ്റ്റർ 2021 ജനുവരി 16- നു കോവിഡ് പോസറ്റീവ് ആവുകയും തൻ്റെ 117 -ാം ജന്മദിനത്തിനു മുമ്പ് കോവിഡ് വിമുക്തയാവുകയും ചെയ്തു. പന്ത്രണ്ടു വർഷമായി ഒരു വൃദ്ധസദനത്തിൻ വിശ്രമജീവിതം നയിക്കുകയാണ് സിസ്റ്റർ ആൻഡ്രേ.

അതിരാവിലെ ഉണരുന്ന ഈ സന്യാസിനി ഈ പ്രായത്തിലും എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന കാര്യത്തിൽ സജീവശ്രദ്ധ പുലർത്തുന്നു. ചോക്ലേറ്റും ദിവസേനയുള്ള ഒരു ഗ്ലാസ് വീഞ്ഞുമാണ് അവളുടെ ദീർഘായുസ്സിൻ്റെ രഹസ്യമെന്ന് സിസ്റ്ററിൻ്റെ ശുശ്രൂഷകർ പറയുന്നു. ജീയാനേ ലൂയിസേ കാൽമെൻ്റ് (Jeanne Louise Calment) എന്ന ഫ്രഞ്ചു വനിത തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി. 1875 ഫെബ്രുവരി 21- നു ജനിച്ച ജിയാനേ 122 വർഷവും 164 ദിവസവും ഈ ഭൂമിയിൽ ജീവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.